Skip to main content

ഹെൽത്തി കുന്ദമംഗലം’ പദ്ധതി; ജനങ്ങളുടെ ആരോഗ്യ-സാമൂഹിക ആവശ്യങ്ങൾ കണ്ടെത്തി സമഗ്ര ഇടപെടലുകൾക്ക് രൂപം നൽകും

‘

കുന്ദമംഗലം നിയമസഭാ മണ്ഡലത്തിലെ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എം. എ. റസാഖ് മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഹെൽത്തി കുന്ദമംഗലം’ പദ്ധതിയുടെ ആലോചനാ യോഗം നടന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഘർ ഓഡിറ്റോറിയത്തിൽ നടന്ന യോഗം എം. എ. റസാഖ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കലക്ടർ മാളവിക ജി. നായർ അധ്യക്ഷത വഹിച്ചു. 

മണ്ഡലത്തിലെ ഭിന്നശേഷിക്കാർ, മുതിർന്ന പൗരർ, ജീവിതശൈലീ രോഗങ്ങൾ, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിൽ കൃത്യമായ വിവരശേഖരണം നടത്തി ജനങ്ങളുടെ യഥാർഥ ആവശ്യങ്ങൾ കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ പദ്ധതികളും ഇടപെടലുകളും ആവിഷ്കരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പഞ്ചായത്ത് തല യോഗങ്ങൾ സംഘടിപ്പിച്ച് തുടർന്ന് വാർഡ് തല സംഘങ്ങൾ രൂപീകരിക്കും. വിവിധ ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ടവരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ പഠിക്കുക, മുതിർന്ന പൗരരുടെ കൃത്യമായ വിവരശേഖരണം നടത്തുക, ജീവിതശൈലീ രോഗങ്ങൾ ഗുരുതരാവസ്ഥയിലെത്തുന്നതിന് മുമ്പ് കണ്ടെത്തുന്നതിനായി സ്ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടപ്പാക്കും.

ജില്ലാ കലക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും മേൽനോട്ടത്തിൽ പരിശീലനം ലഭിച്ച എൻ.എസ്.എസ്. വിദ്യാർഥികൾ ഡിജിറ്റൽ സംവിധാനത്തിലൂടെ വിവരശേഖരണം നടത്തും. ശേഖരിക്കുന്ന വിവരങ്ങൾ ഏകോപിപ്പിച്ച് സമഗ്രമായ ഡാഷ്ബോർഡ് തയ്യാറാക്കും. വാർഡ് തലത്തിൽ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് മണ്ഡലം തലത്തിൽ ആവശ്യമായ ഇടപെടലുകൾ ആസൂത്രണം ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കും.

തുടർന്നുള്ള ഘട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികൾ, ഉദ്യോഗസ്ഥർ, ആസൂത്രണ സമിതികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കണ്ടെത്തിയ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യങ്ങൾ വിലയിരുത്തി പദ്ധതികൾ രൂപീകരിക്കുകയും അവ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. പ്രോജക്ട് കോ-കൺവീനർ ബൈജു ആയടത്തിൽ, ഡോ. ഫായിസ് എന്നിവർ പദ്ധതി വിശദീകരിച്ചു. 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ഫസീല, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി. വി. സംജിത്ത്, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം. കെ. നദീറ, പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. വി. ജാഫർ, മാവൂർ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചർ, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി. കെ. മുരളീധരൻ, സീന അശോകൻ, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ടി. പി. അഷ്‌റഫ്, കസാക്ക് ഡയറക്ടർ ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സരിത, സി. ആർ. സി. ഡയറക്ടർ ഡോ. റോഷൻ ബിജലി, ഡി.പി.എം. ഡോ. അഫ്സൽ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സരിത്ത്, എ. കെ. തറുവായ് ഹാജി എന്നിവർ സംസാരിച്ചു.

വിവരശേഖരണം, ഏകീകരണം, പദ്ധതി രൂപീകരണം, നടപ്പാക്കൽ, നിരീക്ഷണം എന്നിവ ഉൾപ്പെടുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിലൂടെ മണ്ഡലത്തിലെ ജനങ്ങളുടെ യഥാർഥ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് വിവിധ മേഖലകളിൽ ഫലപ്രദമായ ഇടപെടലുകൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

date