Skip to main content

വിഴിഞ്ഞത്ത് 500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ട് സർക്കാർ

*പുതിയ മത്സ്യബന്ധന തുറമുഖത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

മത്സ്യത്തൊഴിലാളികളുടെ കണ്ണീര് വീഴ്ത്തുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.  വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ തറക്കല്ലിടലും നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം-പൂവാർ റോഡിൽ തെന്നൂർക്കോണത്ത് നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിർമാണം കാരണം വിഴിഞ്ഞം പ്രദേശത്തെ മത്സ്യബന്ധനയാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതിനാൽ അധിക ഇന്ധനം ചെലവായതിനുള്ള  നഷ്ടപരിഹാര ഉപജീവനസഹായം  മുഖ്യമന്ത്രി വിതരണം ചെയ്തു. 1,335 ഗുണഭോക്താക്കൾക്കായുള്ള 35 കോടി രൂപ നഷ്ടപരിഹാര ഉപജീവന സഹായം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകും.

വിഴിഞ്ഞത്ത് ഏറ്റവും അത്യാധുനികമായ, എല്ലാ വിധ പുത്തൻ സംവിധാനങ്ങളോടു കൂടിയ മത്സ്യബന്ധന തുറമുഖം നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യ ഉൽപ്പന്നങ്ങൾ കൃത്യമായി മാർക്കറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഉറപ്പാക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിക്കുന്നതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തിൽ മാറ്റം വരുന്നുണ്ടെന്ന് ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി പുതിയ അക്കാദമിക് കോഴ്‌സുകൾ തുടങ്ങും.  തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും പരിശോധിച്ച് സമയബന്ധിതമായി പരിഹരിക്കും. ഈ സർക്കാർ ആറ് മാസം പൂർത്തിയാക്കുമ്പോൾ കേരളത്തിന് അഭിമാനിക്കാനാകുന്ന ഒട്ടേറെ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

260 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ മത്സ്യബന്ധന തുറമുഖം വിഴിഞ്ഞത്ത് നിർമിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായുള്ള കൺസഷൻ കരാറിലെ വ്യവസ്ഥകളുടെ ഭാഗമായി സർക്കാർ ഫണ്ടഡ് വർക്കായി Adani Vizhinjam Port Pvt. Ltd. (AVPPL) ആണ് തുറമുഖം നിർമിക്കുന്നത്. അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ടം നിർമാണം പൂർത്തീകരിക്കുന്നതിനോടൊപ്പം പുതിയ മത്സ്യബന്ധനതുറമുഖവും യാഥാർഥ്യമാകും. നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്റെ ലീവാർഡ് പുലിമുട്ടിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വടക്കേ പുലിമുട്ടിനും ഇടയിലാണ് പുതിയ തുറമുഖം വികസിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 235 മീറ്റർ നീളമുള്ള പുലിമുട്ട്, 340 മീറ്റർ നീളമുള്ള ഫിഷ് ലാൻഡിംഗ് വാർഫ്, 400 മീറ്റർ നീളമുള്ള റിക്ലമേഷൻ ബണ്ട് എന്നിവ നിർമിക്കും. കരഭാഗത്ത് രണ്ട് ആധുനിക ലേല ഹാളുകൾ, ലോഡിംഗ് ഏരിയകൾ, ഏകദേശം 12,285 ചതുരശ്ര മീറ്റർ പാകിയ പാർക്കിങ് ഏരിയ, ഒരു കിലോമീറ്റർ ആഭ്യന്തര റോഡ്, പാലം, ഭരണനിർവഹണ കെട്ടിടം, കാന്റീൻ, വല നന്നാക്കൽ ഷെഡ്, ഗിയർ ഷെഡ്, ശുചിമുറി ബ്ലോക്ക്, ജലവിതരണ സംവിധാനങ്ങൾ, ഹൈമാസ്റ്റ്-യാർഡ് ലൈറ്റുകൾ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയും ഒരുക്കും.

കേരളത്തിലെ ആദ്യകാല മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ വിഴിഞ്ഞത്ത് ആരംഭിക്കുന്ന 90 കോടി രൂപ മുടക്കിയുള്ള നവീകരണ പ്രവർത്തനങ്ങൾ രണ്ടു വർഷം കൊണ്ട് പൂർത്തിയാകും. നിർമ്മാണച്ചെലവ് VISL മുഖേന സംസ്ഥാന സർക്കാർ വഹിക്കും. 2.76 കോടി ചെലവിൽ ഏകദേശം 8,212 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആധുനിക മത്സ്യമാർക്കറ്റ് നിർമ്മിക്കുന്നുണ്ട്. മാർക്കറ്റിൽ 30 മത്സ്യപ്രദർശന ഔട്ട്‌ലെറ്റുകൾ, കടമുറികൾ, ഫിഷ് സ്റ്റാളുകൾ, ഫ്രഷ് സോസുകൾ, ഫ്രീസർ മുറികൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

രണ്ട് മത്സ്യബന്ധന തുറമുഖങ്ങളുടെയും ഉള്ളിൽ തിരയിളക്കം കുറച്ച് പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായ മത്സ്യബന്ധനത്തിന് സാഹചര്യമൊരുക്കുന്നതിനായി 125 കോടി ചെലവിൽ പുതിയ പുലിമുട്ടും ഹാർബർ എൻജിനീയറിങ് വകുപ്പ് നിർമ്മിക്കും.

മത്സ്യബന്ധന വകുപ്പും തുറമുഖ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതികൾ വിഴിഞ്ഞം ഉൾപ്പെടെയുള്ള തിരുവനന്തപുരം ജില്ലയിലെ മത്സ്യബന്ധന മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായകരമാകും.

ഉദ്ഘാടന ചടങ്ങിൽ എം വിൻസെന്റ് എംഎൽഎ സ്വാഗതം ആശംസിച്ചു. തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ  യു ഖേൽക്കർ, വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, രാഷ്ട്രീയ, സാമുദായിക നേതാക്കൾ, ജനപ്രതിനിധികൾ,പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4244/2026

date