100 ദിനത്തിൽ 32 പദ്ധതികൾ പൂർത്തിയാക്കി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ്
*ദാക്ഷായണി, പഞ്ചമി പദ്ധതികൾക്ക് തുടക്കം: ഭവന പദ്ധതികൾക്കും മാർഗ നിർദ്ദേശം
*1,000 പഠനമുറികൾ പൂർത്തിയായി; 50 അംബേദ്കർ ഗ്രാമങ്ങളിൽ വികസനം
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് പ്രഖ്യാപിച്ച 32 പദ്ധതികളും പൂർത്തിയായി. ഭവനം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, ഡിജിറ്റൽ സേവനങ്ങൾ, ഗോത്രകലാ സംരക്ഷണം തുടങ്ങിയ മേഖലകളിലായി നടപ്പാക്കിയ പദ്ധതികളിലൂടെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി.
പട്ടികജാതി-പട്ടികവർഗ വികസന വകുപ്പുകളുടെ തനത് ഭവനപദ്ധതികൾക്ക് പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിച്ചു. പട്ടികജാതി നഗറുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിൽ 'പഞ്ചമി ഗ്രാമം' പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടു. കുറഞ്ഞത് മൂന്ന് പട്ടികജാതി കുടുംബങ്ങളുള്ള പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാകും. ഒറ്റപ്പെട്ട് താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളിലേക്കും വികസനമെത്തിക്കുകയാണ് ലക്ഷ്യം.
ദാക്ഷായണി വേലായുധന്റെ പേരിലുള്ള 'ദാക്ഷായണി' വനിതാ സ്വയം തൊഴിൽ സഹായ പദ്ധതിക്ക് തുടക്കമായി. പട്ടികജാതിക്കാരായ വ്യക്തിഗത വനിതാ സംരംഭകർക്ക് 3.75 ലക്ഷം രൂപ വരെയും, ഗ്രൂപ്പുകൾക്ക് 11.25 ലക്ഷം രൂപവരെയും സബ്സിഡി അനുവദിക്കുന്നതാണ് പദ്ധതി. പട്ടികജാതി വികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും അവരെ സ്വയം പര്യാപ്തതയിലേക്ക് കൈപിടിച്ചുയർത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്ത് ഉൽപ്പാദന മേഖലയിലെ വനിതാസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമായി പിന്നാക്കക്ഷേമവകുപ്പ് വിഭാവനം ചെയ്ത പ്രിയദർശിനി സ്വയം തൊഴിൽ വായ്പാപദ്ധതിക്ക് തുടക്കമിട്ടു. പലിശരഹിതവായ്പാപദ്ധതിയാണിത്. പുതിയ ഉൽപ്പാദന യൂണിറ്റുകൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വികസിപ്പിക്കുന്നതിനുമായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ വായ്പയായി ലഭിക്കുന്നു.
സേവനങ്ങൾ എളുപ്പമാക്കാൻ ഐ.ടി. അധിഷ്ഠിത പോർട്ടലുകൾ, അട്ടപ്പാടിയിൽ ഗോത്രകലാകേന്ദ്രം, വിവിധ ജില്ലകളിൽ മൾട്ടി പർപ്പസ് സെന്ററുകൾ, കുംഭാര കോളനികളുടെ നവീകരണം എന്നിവയും വിജയകരമായി നടപ്പിലാക്കി.
വിദ്യാർഥികൾക്കായി 1,000 പഠനമുറികളുടെ നിർമാണം പൂർത്തിയാക്കി. 50 അംബേദ്കർ ഗ്രാമങ്ങളിലെ വികസനപ്രവൃത്തികളും പൂർത്തീകരിച്ചു. വയനാട് ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനങ്ങൾക്കായി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിനെ (SPV) നിയമിച്ച് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പട്ടികവർഗവികസനവകുപ്പിന് കീഴിൽ 30 പുതിയ പ്രാരംഭ പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. ചേലക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പുതിയ ഹയർ സെക്കൻഡറി ബാച്ചും തുടങ്ങി. കൊഴിഞ്ഞാമ്പാറ, മണിശ്ശേരി, ആലുവ, ചേർത്തല എന്നിവിടങ്ങളിൽ നാല് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ പ്രവർത്തനം ആരംഭിച്ചു. ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ അധിക ബ്ലോക്ക് പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. ഒ.ബി.സി., ഒ.ഇ.സി. വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നൽകാനുണ്ടായിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ മുഴുവൻ കുടിശ്ശികയും വിതരണം ചെയ്തു.
200 കോടിയുടെ വായ്പ; 600 പേർക്ക് തൊഴിൽ
സംസ്ഥാന പിന്നാക്കവിഭാഗവികസന കോർപ്പറേഷൻ വഴി 16,000 ഗുണഭോക്താക്കൾക്കായി 200 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. നൈപുണ്യ പരിശീലനത്തിലൂടെ 600 പേർക്ക് 100 ദിവസത്തിനുള്ളിൽ തൊഴിൽ ലഭ്യമാക്കി. പട്ടികജാതി വിഭാഗത്തിലെ വേടൻ, നായാടി, ചക്ലിയ/അരുന്ധതിയാർ, കള്ളാടി വിഭാഗങ്ങൾക്കായി പ്രത്യേക സ്വയംതൊഴിൽ പദ്ധതികൾ നടപ്പാക്കി.
പട്ടികവർഗ വികസന വകുപ്പിന്റെ സേവനങ്ങൾ ഏകോപിത സേവന വിതരണ പോർട്ടൽ വഴി ലഭ്യമാക്കുന്നതിനുള്ള സംവിധാനം നടപ്പാക്കി. വനാവകാശ നിയമപ്രകാരമുള്ള അവകാശ രേഖകൾ ഓൺലൈനായി ലഭ്യമാക്കുന്നതിനായി എഫ്.ആർ.എ. പോർട്ടലും ആരംഭിച്ചു. പാലക്കാട്, വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളെ സ്മാർട്ട് ഓഫീസുകളാക്കി ഉയർത്തി. സേവനവിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമാണ് ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നത്.
ഗോത്രകലയും പാരമ്പര്യ സംസ്‌കാരവും സംരക്ഷിക്കുന്നതിനായി അട്ടപ്പാടിയിൽ ഗോത്രകലാ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. വയനാട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായി അഞ്ച് മൾട്ടി പർപ്പസ് സെന്ററുകൾ ആരംഭിച്ചു. നിലമ്പൂരിലെ അരുവാക്കോട് കുംഭാരനഗറിന്റെയും പാലക്കാട്ടെ ആറുപുഴ കുംഭാരക്കോളനിയുടെയും ഒന്നാംഘട്ട നവീകരണം പൂർത്തിയാക്കി. പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷന്റെ പുതിയ ശാഖകൾ ആരംഭിച്ചു. വായ്പാ അദാലത്തുകളും ശുചീകരണ തൊഴിലാളികൾക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളും നടപ്പാക്കി.
നൂറു ദിവസത്തെ കർമ്മപരിപാടിയിൽ പ്രഖ്യാപിച്ച 32 പദ്ധതികളും പൂർത്തിയായതോടെ ഭവനം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ വകുപ്പിന്റെ ഇടപെടലുകൾക്ക് വേഗം കൈവരിക്കാനായി. ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് എത്തിക്കുന്നതിനും പിന്നാക്കവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇതിലൂടെ പൂർത്തിയായത്.
പി.എൻ.എക്‌സ്. 4251/2026
- Log in to post comments