സംസ്ഥാനത്ത് 1800 ഡോക്ടർ തസ്തികകൾ സൃഷ്ടിക്കും: മന്ത്രി കെ. മുരളീധരൻ
സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികൾ വിപുലീകരിക്കുന്നതിനും പ്രവർത്തന സജ്ജമാക്കുന്നതിനും സ്പെഷാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ 1800 ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ.
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ചോറ്റാനിക്കര, തോട്ടൂർ, കൂവപ്പടി എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡോക്ടർ തസ്തികകൾ കൂടാതെ 500 നഴ്സ് , ഫാർമസിസ്റ്റ് തസ്തികകളും നികത്തും. അതിനായി ധനകാര്യവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
ഡോക്ടർമാരുടെ സേവനം ലഭിച്ചാൽ എല്ലാ ജില്ലാ ആശുപത്രികളും 24 മണിക്കൂർ പ്രവർത്തനസജ്ജമാക്കും.
ഡോക്ടർമാർ മുതൽ താഴെ തട്ടിലുള്ള ക്ലീനിങ് സ്റ്റാഫ് വരെ ഒരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ സർക്കാർ ആശുപത്രികളെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും രോഗികൾ വരുന്നതിനനുസരിച്ച് കൂടുതൽ സൗകര്യം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നുറുദിന കർമ്മ പരിപാടിയുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ 94 ശതമാനം പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും പ്രതീക്ഷ സെന്ററുകളും ആരംഭിക്കാൻ സർക്കാരിന് കഴിഞ്ഞു.ആരോഗ്യ മേഖലയിൽ നിലവിൽ ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് വകുപ്പ്
ഈ നേട്ടം സാധ്യമാക്കിയതെന്നും
മന്ത്രി കൂട്ടിച്ചേർത്തു.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാൻഡ് ഫണ്ടിൽ നിന്നും ചോറ്റാനിക്കര, തോട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിനായി 1,43,00,000 രൂപ രൂപവീതവും, കൂവപ്പടി ആരോഗ്യ കേന്ദ്രത്തിന് 55 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ജനങ്ങൾക്ക് വേണ്ടി ഏറ്റവും അത്യാവശ്യമായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളും പദ്ധതികളും വേഗത്തിൽ നടപ്പിലാക്കുകയാണ് സർക്കാർ നൂറ് ദിന കർമ്മ പരിപാടിയിയുടെ ലക്ഷ്യമെന്നും അതിനായി എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രയത്നിക്കുന്നുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഡി. രാജു മറ്റത്തിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് ജൂലിയ ജെയിംസ്, ജില്ലാ പഞ്ചായത്ത് മെമ്പർ സോന ജയരാജ്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര ധർമ്മരാജൻ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർ ഷാ ആർ, ആരോഗ്യ കേരളം എറണാകുളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹനീഷ് എം. എം., ചോറ്റാനിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി. എസ് ബൈജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments