തണ്ടർ കോ-ഓർഡിനേറ്റർമാർക്ക് പരിശീലനം നൽകി
കോളേജ് ക്യാമ്പസുകളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും തുടർച്ചയുള്ളതുമാക്കുന്നതിനായി തണ്ടർ ക്ലബ് (ആന്റി നാർക്കോട്ടിക് ക്ലബ്) അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള പരിശീലന ശിൽപശാല സംഘടിപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ, തൃശൂർ ഡോൺ ബോസ്കോ ഡ്രീം പദ്ധതി, ജില്ലാ നിയമസേവന അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെന്റ് മേരീസ് കോളേജിൽ നടന്ന പരിശീലന പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നുള്ള 81 അധ്യാപകർ പങ്കെടുത്തു.
കോളേജുകളിൽ പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക് ക്ലബ്ബുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുക, ലഹരിവിരുദ്ധ ബോധവത്കരണത്തിന് നേതൃത്വം നൽകാൻ അധ്യാപക കോ-ഓർഡിനേറ്റർമാരെ പ്രാപ്തരാക്കുക, വിദ്യാർത്ഥികളിൽ ലഹരി നിയമങ്ങളുടെ അവബോധം ഉണ്ടാക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിമുക്തി മാനേജരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ വിനീത് രവി സ്വാഗതം ആശംസിച്ചു. ഡോൺ ബോസ്കോ ഡ്രീം ജില്ലാ കോ-ഓർഡിനേറ്റർ അനീഷ പദ്ധതി വിശദീകരണം നടത്തി.
എറണാകുളം ജനറൽ ആശുപത്രി സൈക്യാട്രി വിഭാഗം മേധാവിയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡൽ ഓഫീസറുമായ ഡോ. ദയ പാസ്കൽ ‘ഫ്രം ലേണിങ് ടു ലീഡിങ്’ എന്ന വിഷയത്തിൽ ആദ്യ സെഷൻ നയിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗവും അതിന്റെ പ്രത്യാഘാതങ്ങളും, ലഹരിയുപയോഗത്തിന്റെ പ്രാരംഭ സൂചനകൾ തിരിച്ചറിയൽ, സമയബന്ധിതമായ ഇടപെടൽ, ഫലപ്രദമായ ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തി. ‘ഇന്റർവെൻഷൻ പ്ലാൻ ഫോർ ഡ്രഗ് ഫ്രീ ക്യാമ്പസ്’ എന്ന വിഷയത്തിൽ തൃശൂർ എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷഫീഖ് യൂസഫ് ക്ലാസ് നയിച്ചു.
പരിശീലനത്തിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി കോളേജുകളിൽ ആന്റി നാർക്കോട്ടിക് ക്ലബ് യോഗങ്ങൾ, വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ബോധവത്കരണ ക്ലാസുകൾ, സർഗാത്മക മത്സരങ്ങൾ, പിയർ എജ്യുക്കേഷൻ, സ്റ്റുഡന്റ് അംബാസഡർ പ്രവർത്തനങ്ങൾ, ക്യാമ്പസ്-സാമൂഹ്യമാധ്യമ ബോധവൽക്കരണ പരിപാടികൾ, പ്രത്യേക ലഹരിവിരുദ്ധ ക്യാമ്പയിനുകൾ എന്നിവ നടപ്പാക്കും. എക്സൈസ്, ഡോൺ ബോസ്കോ ഡ്രീം ടീം കോളേജുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾക്ക് മാർഗനിർദേശവും തുടർപിന്തുണയും നൽകും. പ്രവർത്തനങ്ങളിലെ സ്ഥിരത, വിദ്യാർഥികളുടെ പങ്കാളിത്തം, നൂതന ആശയങ്ങൾ, നടപ്പാക്കലിന്റെ ഗുണനിലവാരം, പ്രവർത്തനങ്ങളുടെ രേഖപ്പെടുത്തൽ എന്നിവയുടെ അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കോളേജുകളെ തിരഞ്ഞെടുത്ത് പുരസ്‌കാരം നൽകാനും പദ്ധതിയുണ്ട്.
സെന്റ് മേരീസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഡാലി ഡൊമിനിക് സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയുമായ ടി.വി. വിൻസി മുഖ്യാതിഥിയായി. സോഷ്യൽ വർക്ക് വിഭാഗം മേധാവി ജോഷി കുര്യൻ സി. പരിപാടിയുടെ ഏകോപന ചുമതല നിർവഹിച്ചു. ഡോൺ ബോസ്കോ ഡ്രീം ജില്ലാ കൗൺസിലർ ട്യൂണി ബേബി ടി. നന്ദി പറഞ്ഞു.
- Log in to post comments