Skip to main content

വനം വകുപ്പില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വര്‍ധിപ്പിക്കും:  മന്ത്രി കെ രാജു     

സംസ്ഥാന വനം വകുപ്പ് നിയമനങ്ങളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വര്‍ധിപ്പിക്കുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു അറിയിച്ചു. ഇക്കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്. വനം വകുപ്പ് വിവിധ മേഖലകളില്‍ സ്‌പോര്‍ട്‌സ്-ഗെയിംസ് ടീമുകളെ വാര്‍ത്തെടുക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരുപത്തിയഞ്ചായമത് സംസ്ഥാന വനം കായിക മേളയുടെ ഉദ്ഘാടനം മാങ്ങാട്ടുപറമ്പ് കെ.എ.പിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
    വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കായികക്ഷമതയ്ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. പതിവിന് വിപരീതമായി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പുതിയ ബാച്ചിന് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് നിയമനം നല്‍കുന്നതെന്നും ഇവരില്‍ പകുതിയോളം പേര്‍ വനിതകളാണെന്നും അദ്ദേഹം പറഞ്ഞു. വനസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല കായികക്ഷമത അനിവാര്യമാണെന്നതിനാലാണ് ആദ്യം തന്നെ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജീവനക്കാരുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതില്‍ കായികമേള ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് വകുപ്പ് ജീവനക്കാര്‍ക്ക് പരസ്പരം പരിചയപ്പെടാനും അടുത്തറിയാനും ഇത്തരം മേളകള്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
    സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.കെ ശ്രീമതി ടീച്ചര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള ടീച്ചര്‍, കൗണ്‍സിലര്‍മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കായികമേളയോടനുബന്ധിച്ച് വൈകിട്ട് കലാ സന്ധ്യയും അരങ്ങേറി.
    വിവിധ വേദികളിലായി നടക്കുന്ന കായിക മേള ഇന്ന് (ഡിസംബര്‍ എട്ട്) സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് നാലിന് കെ.എ.പി സ്റ്റേഡിയത്തില്‍ വനം വകുപ്പ് മന്ത്രി രാജു ഉദ്ഘാടനം ചെയ്യും.  ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും. 
പി എന്‍ സി/4645/2017 
 

date