സെൻസസ് 2027: ജില്ലാ - ചാർജ് തല ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന് തുടക്കമായി*
സെൻസസ് 2027-ന്റെ രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി ജില്ലാ, ചാർജ് തല ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. ഒക്ടോബർ 12 മുതൽ 15 വരെ തൃശൂർ കളക്ട്രേറ്റിലെ ഐ.എൽ.ഡി.എം ഹാളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ബാച്ചുകളായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
രാജ്യത്ത് ആദ്യമായി പൂർണ്ണമായും ഡിജിറ്റൽ രീതിയിൽ നടപ്പിലാക്കുന്ന സെൻസസിന്റെ രണ്ടാം ഘട്ടത്തിൽ ഓരോ വ്യക്തിയെയും സംബന്ധിച്ച വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. ഇതിനായി പൊതുജനങ്ങൾക്ക് സെൽഫ് എന്യുമറേഷൻ പോർട്ടൽ വഴി സ്വയം വിവരങ്ങൾ നൽകാവുന്നതാണ്. അല്ലാത്തപക്ഷം എന്യൂമറേറ്റർമാർ നേരിട്ട് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. ജാതി വിവരങ്ങൾ ഉൾപ്പെടെ 40 ചോദ്യങ്ങളാണ് സെൻസസിനായി ഉൾപ്പെടുത്തിയിട്ടുള്ളത്.
ആദ്യഘട്ടത്തിൽ 'ഹൗസ് ലിസ്റ്റിങ് ആൻഡ് ഹൗസിങ്' (എച്ച്.എൽ.ഒ) ആപ്പ് ഉപയോഗിച്ചപ്പോൾ, രണ്ടാം ഘട്ടത്തിൽ 'പോപ്പുലേഷൻ എന്യുമറേഷൻ' (പി.ഇ) ആപ്പാണ് ഉപയോഗിക്കുന്നത്. എന്യൂമറേറ്റർമാരുടെ നിയമനം, പരിശീലനം, തിരിച്ചറിയൽ കാർഡ് നിർമ്മാണം തുടങ്ങിയ ഭരണപരമായ നടപടിക്രമങ്ങളെല്ലാം 'സെൻസസ് മോണിറ്ററിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം' (സി.എം.എം.എസ്) പോർട്ടൽ വഴിയാണ് നടപ്പിലാക്കുന്നത്.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം. സന്ദീപ് അധ്യക്ഷത വഹിച്ചു. സെൻസസ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ സി. രാജ്കുമാർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ എം.പി. സജിത എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലയിലെ വിവിധ ചാർജുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു.
- Log in to post comments