Skip to main content

തോട്ടം മേഖലയില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കാന്‍ ഇടുക്കി എന്‍ജിനീയറിങ് കോളേജിന് അനുമതി

തോട്ടം മേഖലയിലെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ ഗവേഷണകേന്ദ്രം സ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. 'അഫോഡബിള്‍ ഓട്ടോമേഷന്‍ ടെക്‌നോളജീസ് ടു ഇംപ്രൂവ് പ്രൊഡക്ടിവിറ്റി ഇന്‍ ദ പ്ലാന്റേഷന്‍ സെക്ടര്‍' എന്ന പദ്ധതിയുടെ ഭാഗമായാണ്  ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.

ഇടുക്കിയിലെ തോട്ടം മേഖല നേരിടുന്ന തൊഴിലാളിക്ഷാമം, ഉല്‍പ്പാദനച്ചെലവ്, മലനിരകളിലെ  ഭൂപ്രകൃതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൃത്രിമബുദ്ധി (AI), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (IoT), റോബോട്ടിക്‌സ്, ഡ്രോണ്‍ സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്തി തോട്ടവിളകള്‍ക്ക് അനുയോജ്യമായ ചെലവുകുറഞ്ഞ ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ വികസിപ്പിക്കും. സ്മാര്‍ട്ട് ജലസേചനം, റോബോട്ടിക് വിളവെടുപ്പ്, കീടനിയന്ത്രണത്തിനുള്ള ഡ്രോണ്‍ സംവിധാനങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പനയും പരീക്ഷണവും പദ്ധതിയുടെ ഭാഗമായി നടത്തും.

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങളുടെ ഏകോപനത്തോടെയാകും ഗവേഷണം. വികസിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ കര്‍ഷകരിലേക്ക് എത്തിക്കുക, പൈലറ്റ് പദ്ധതികള്‍ നടപ്പാക്കുക, വ്യവസായ-അക്കാദമിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയും ഗവേഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും.

വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ്, പ്രായോഗിക പരിശീലനം, ഗവേഷണാവസരങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിലൂടെ സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍ മേഖലയിലെ തൊഴില്‍, സംരംഭകത്വ സാധ്യതകള്‍ വര്‍ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ഡോ. മഞ്ജു മാനുവല്‍, ഡോ. ഫിലുമോന്‍ ജോസഫ്, പ്രൊഫ. ആര്‍. ശ്രീകുമാര്‍ എന്നിവരാണ് പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍.

date