പി.എം. റാഹത്ത് പദ്ധതി: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു
അപകടത്തില്പ്പെടുന്നവര്ക്ക് 1.5 ലക്ഷം രൂപയുടെ പണരഹിത അടിയന്തര ചികിത്സ
റോഡപകടങ്ങളില്പ്പെടുന്നവര്ക്ക് സമയബന്ധിതമായി അടിയന്തര ചികിത്സയും ആശുപത്രി പരിചരണവും ഉറപ്പാക്കുന്നതിനുള്ള പ്രധാനമന്ത്രി പി.എം. റാഹത്ത് പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി ജില്ലാ കളക്ടര് എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം നടപ്പാക്കുന്ന ഈ പദ്ധതി ജില്ലയിലെ മുഴുവന് സര്ക്കാര്, സ്വകാര്യ ആശുപത്രികള് മുഖേനയും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം ഒരുക്കിയത്.
പദ്ധതി പ്രകാരം റോഡപകടങ്ങളില്പ്പെടുന്നവര്ക്ക് അപകടം നടന്ന തീയതി മുതല് പരമാവധി ഏഴു ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ പൂര്ണ്ണമായും പണരഹിതമായി ചികിത്സ ലഭിക്കും. അപകടം നടന്ന ആദ്യ മണിക്കൂറിനുള്ളില് (ഗോള്ഡന് അവര്) മുന്കൂറായി പണം അടയ്ക്കാതെ തന്നെ അടിയന്തര വൈദ്യസഹായം ഉറപ്പാക്കി മരണനിരക്ക് കുറയ്ക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകള് ഒഴിവാക്കാനും സാധിക്കും. ദേശീയപാതകള്, സംസ്ഥാനപാതകള്, ജില്ലാ-ഗ്രാമീണ റോഡുകള് എന്നിവയുള്പ്പെടെ എല്ലാത്തരം റോഡുകളിലുമുണ്ടാകുന്ന മോട്ടോര് വാഹന അപകടങ്ങള്ക്ക് പദ്ധതി ബാധകമാണ്. വ്യക്തിയുടെ തിരിച്ചറിയല് വിവരങ്ങള് ലഭ്യമല്ലെങ്കിലും ആദ്യ 24 മണിക്കൂറിനുള്ളില് പദ്ധതിയില് ഉള്പ്പെടുത്താം. വാഹനം തിരിച്ചറിഞ്ഞാല് ഇന്ഷുറന്സ് കൗണ്സില് വഴിയും, വാഹനം തിരിച്ചറിയാന് കഴിയാത്ത സാഹചര്യത്തില് ജില്ലാ കളക്ടറുടെ അക്കൗണ്ടില്നിന്നുമാണ് ചികിത്സാ ചെലവിനുള്ള തുക അനുവദിക്കുന്നത്.
പരിശീലന പരിപാടിയില് സ്റ്റേറ്റ് ഹെല്ത്ത് ഏജന്സി ഐ.ടി. മാനേജര് വിവേക് കൃഷ്ണന് ക്ലാസെടുത്തു. കോഴിക്കോട് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എല്.ടി. സരിതകുമാരി, ആര്.സി.എച്ച്. ഓഫീസര് ഡോ. ജെ. നവ്യ, നാഷണല് ഹെല്ത്ത് മിഷന് ജില്ലാ പ്രോഗ്രാം മാനേജര് ഡോ. സി.കെ. അഫ്സല്, ഡി.ആര്.സി.എച്ച്.ഒ. പി.സി. ചാക്കോ, ട്രാഫിക് എ.സി.പി., ആര്.ടി.ഒ. എന്ഫോഴ്സ്മെന്റ് എം.വി.ഐ. വിനു ജോസ്, എന്.ഐ.സി. ഡി.ആര്.എം. ഒ. ആര്യ, സ്റ്റേറ്റ് ഹെല്ത്ത് ഏജന്സി ജില്ലാ പ്രോജക്ട് കോ-ഓര്ഡിനേറ്റര് ഫബിന് ജെ. ജോസഫ് എന്നിവര് പങ്കെടുത്തു. ജില്ലയിലെ വിവിധ സര്ക്കാര്, സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളും പരിശീലനത്തില് ഭാഗമായി.
- Log in to post comments