Skip to main content

നിർമലം ക്യാമ്പയിന്റെ ഭാഗമായി പബ്ലിക്ക് ഓഫീസിൽ നിന്ന് മാറ്റിയത് ഏഴായിരം കിലോ മാലിന്യം, അഭിനന്ദിച്ച് മന്ത്രി

            നവംബർ ഒന്ന് മുതൽ സംസ്ഥാനത്ത് വ്യാപകമായ ശുചീകരണപ്രവർത്തനങ്ങൾ നിർമലം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. ഇതിന്റെ ഭാഗമായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ പബ്ലിക്ക് ഓഫീസിൽ സംഘടിപ്പിച്ച കൂട്ടായ ശുചീകരണ പ്രവർത്തനത്തെയും മന്ത്രി അഭിനന്ദിച്ചു.

           എല്ലാ സർക്കാർ ഓഫീസുകൾക്കും, വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും, ആശുപത്രികൾക്കുമൊക്കെ മാതൃകയാക്കാവുന്ന പ്രവർത്തനമാണ് പബ്ലിക്ക് ഓഫീസിൽ നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

            മാലിന്യത്തിനെതിരെ കേരളം നടത്തുന്ന യുദ്ധമാണ് നിർമലം ക്യാമ്പയിൻ. അതിൽ ജാതി, മത, കക്ഷി, രാഷ്ട്രീയഭേദമന്യേ എല്ലാ മലയാളികളും ഒരേ മനസ്സോടെ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സമ്പൂർണ്ണമായി മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് ഓരോ കേരളീയനും ഈ ക്യാമ്പയിന്റെ ഭാഗമായി മുന്നിൽ കാണേണ്ടതെന്നും മന്ത്രി കൂട്ടിചേർത്തു. ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിന്റെ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.

            ഗാന്ധി ജയന്തി ദിനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിലും ശുചിത്വ മിഷന്റെ ഏകോപനത്തിലും ആരംഭിച്ച നിർമലം, പുതുയുഗ ശുചിത്വകേരളം ക്യാമ്പയിന്റെ ഭാഗമായാണ് പബ്ലിക്ക് ഓഫീസ് കോമ്പൗണ്ടും, അതിനുള്ളിലെ എല്ലാ ഓഫീസുകളും, ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ശുചീകരിച്ചത്. 2025ലെ സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ കൂടി ഭാഗമായി സംഘടിപ്പിച്ച ക്ലീനിംഗ് ഡ്രൈവിന്റെ ഉദ്ഘാടനം സംസ്ഥാന ലാന്റ് റവന്യു കമ്മിഷണർ എച്ച്. ദിനേശൻ നിർവ്വഹിച്ചു. ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡി. ധർമ്മല ശ്രീ, ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ ഡോ. എം.സി. റെജിൽ, വിബിജിറാംജി മിഷൻ ഡയറക്ടർ രഞ്ജിത് ഡി, ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻസ്) ജഹാംഗീർ എസ്, പ്രോഗ്രാം ഓഫീസർ (മോണിറ്ററിംഗ്) അനീഷ് ബി, പ്രോഗ്രാം ഓഫീസർ (ഹെൽത്ത്) ഫൈസി എ. എന്നിവർ സംബന്ധിച്ചു. ക്ലീനിംഗ് ഡ്രൈവിന് ടീഷർട്ടുകളും തൊപ്പികളും നൽകി സഹകരിച്ച ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനുള്ള ഉപഹാരം ലാൻഡ് റെവന്യു കമ്മിഷണറിൽ നിന്ന് ബിപിസിഎൽ സീനിയർ മാനേജർ സജിത് പി ഏറ്റുവാങ്ങി.

           പബ്ലിക്ക് ഓഫീസ് സമുച്ചയത്തിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്ന് ലഭിച്ച മാലിന്യത്തെ തരംതിരിച്ച ശേഷം ഏഴിടങ്ങളിലെ കളക്ഷൻ പോയിന്റുകളിലായി ശേഖരിച്ചു. ഇങ്ങനെ ശേഖരിച്ച ഇ മാലിന്യം അടക്കമുള്ളവയെ ക്ലീൻ കേരള കേരള കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ ലോറികളിൽ നീക്കം ചെയ്തു. പൊട്ടിയ ഫർണിച്ചറുകൾ, പഴയ കമ്പ്യൂട്ടറുകൾ, പേപ്പർ അടക്കം മൊത്തം ഏഴായിരം കിലോ മാലിന്യമാണ് ഒറ്റ ദിവസത്തിൽ നീക്കിയത്. ഇത് കൂടാതെ കോമ്പൗണ്ടിലുള്ള ശുചിമുറികളെല്ലാം തന്നെ ക്ലീനിംഗ് ഏജൻസികളുടെ നേതൃത്വത്തിൽ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കി. വൃത്തിയാക്കിയ പൊതുവിടങ്ങളിൽ വൃക്ഷതൈകൾ നട്ടു.

പി.എൻ.എക്‌സ്. 4298/2026

date