Skip to main content

സ്‌കൂള്‍ മുറ്റത്ത് പച്ചക്കറിത്തോട്ടമൊരുങ്ങുന്നു; 56 സ്‌കൂളുകളെ ഹരിതശ്രീയാക്കാന്‍ വെട്ടിക്കവല ബ്ലോക്ക്

സ്‌കൂള്‍ മുറ്റത്ത് പച്ചക്കറിത്തോട്ടം ഒരുക്കി കുട്ടികള്‍ക്ക് കൃഷിയുടെ പ്രായോഗിക പാഠങ്ങള്‍ പകര്‍ന്ന് നല്‍കാനൊരുങ്ങുകയാണ് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്‌കൂളുകളില്‍ പോഷകത്തോട്ടങ്ങള്‍ ഒരുക്കുന്ന പദ്ധതിയായ ഹരിതശ്രീയുടെ ഭാഗമായാണ് പച്ചക്കറിത്തോട്ടം ഒരുക്കുന്നത്. സ്‌കൂള്‍ പരിസരത്ത് പച്ചക്കറിത്തോട്ടങ്ങള്‍ സജ്ജീകരിച്ച് കുട്ടികള്‍ക്ക് കൃഷിയുടെ പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനൊപ്പം സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ കഴിയുന്നത്ര സ്വന്തം മുറ്റത്തുതന്നെ ഉത്പാദിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

2026-27 സാമ്പത്തിക വര്‍ഷം വികസന ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ തക്കാളി, വെണ്ട, മുളക്, വഴുതന, കാബേജ്, കോളിഫ്‌ലവര്‍ തുടങ്ങിയ ആറ് പച്ചക്കറികളുടെ ഹൈബ്രിഡ് തൈകളും ജൈവവളവുമാണ് ലഭ്യമാക്കുന്നത്. ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായി തിരഞ്ഞെടുക്കപ്പെട്ട 56 സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഒരു സ്‌കൂളില്‍ കുറഞ്ഞത് 450 പച്ചക്കറി തൈകള്‍ വീതമാണ് ലഭ്യമാക്കുന്നത്. സ്‌കൂളുകളിലെ കൃഷി നടത്താനുള്ള സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ 600 തൈകള്‍ വരെ നല്‍കും. ഇതുവരെ 56 സ്‌കൂളുകളിലായി 28000 പച്ചക്കറി തൈകള്‍ നല്‍കി. സ്‌കൂളുകളില്‍ ഒരുക്കിയ പച്ചക്കറിത്തോട്ടങ്ങള്‍ മികച്ച രീതിയില്‍ പരിപാലിക്കുന്നുണ്ടെന്ന് അതത് ബ്ലോക്ക് ഡിവിഷന്‍ ജനപ്രതിനിധികള്‍ ഉറപ്പുവരുത്തുന്നു.
കൃഷി കേവലം പാഠപുസ്തക വിഷയമായി ഒതുക്കാതെ കുട്ടികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക വഴി പ്രകൃതിയോടും മണ്ണിനോടും ആഭിമുഖ്യം സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും തുടര്‍ വര്‍ഷങ്ങളില്‍ ബ്ലോക്ക് പരിധിയിലെ കൂടുതല്‍ സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ലക്ഷ്മി വ്യക്തമാക്കി.
 

 

date