തേവലക്കര പടിഞ്ഞാറ്റക്കര ചെളിത്തോട് പാടശേഖരം സംരക്ഷിക്കാന് ഇന്ന്(14) നിര്മല യാത്രയും ജനകീയ ശുചീകരണ യജ്ഞവും
നിര്മലം പുതുയുഗം, ശുചിത്വ കേരളം കാമ്പയിനിന്റെ ഭാഗമായി മലിനീകരണ ഭീഷണി നേരിടുന്ന തേവലക്കര പടിഞ്ഞാറ്റക്കര ചെളിത്തോട് പാടശേഖരം സംരക്ഷിക്കുന്നതിന് തേവലക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന നിര്മല യാത്രയും ജനകീയ ശുചീകരണ യജ്ഞവും ഇന്ന് (ഒക്ടോബര് 14) ജില്ലാ കലക്ടര് ആനി ജൂല തോമസ് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 8.30ന് പടിഞ്ഞാറ്റക്കര മുളയ്ക്കല് എല് പി സ്കൂളിന് സമീപത്തുനിന്ന് ആരംഭിക്കുന്ന നിര്മല യാത്ര ചെളിത്തോട് പാടശേഖരത്തില് മാലിന്യം നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് സമാപിക്കും. തുടര്ന്ന് ശുചീകരണ യജ്ഞം നടക്കും.
ഒരുകാലത്ത് തേവലക്കരയുടെ നെല്ലറയായി അറിയപ്പെട്ടിരുന്ന പടിഞ്ഞാറ്റക്കര ചെളിത്തോട് പാടശേഖരം മാലിന്യനിക്ഷേപം മൂലം പ്രദേശവാസികളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയുയര്ത്തുന്ന സ്ഥിതിയിലാണ്. ഈ സാഹചര്യത്തിലാണ് മാലിന്യനീക്കത്തിനും പ്രദേശത്തിന്റെ സംരക്ഷണത്തിനും ജനകീയ ഇടപെടല് സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികള്, ഉദ്യോഗസ്ഥര്, ഹരിതകര്മ സേനാംഗങ്ങള്, കുടുംബശ്രീ പ്രവര്ത്തകര്, തൊഴിലുറപ്പ് തൊഴിലാളികള്, വിദ്യാര്ഥികള്, സന്നദ്ധ പ്രവര്ത്തകര് തുടങ്ങിയവര് ശുചീകരണ പ്രവര്ത്തനങ്ങളില് പങ്കാളികളാകും. മാലിന്യം നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കുന്നതിനൊപ്പം തുടര്ന്നും മലിനീകരണമില്ലാതെ സംരക്ഷിക്കുന്നതിനുള്ള വിപുലമായ ജനകീയ സംവിധാനം ഒരുക്കാനും പരിപാടി ലക്ഷ്യമിടുന്നു. തേവലക്കരയെ ശുചിത്വത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മാതൃകയാക്കി മാറ്റുന്നതിന് പരിപാടിയില് എല്ലാവരുടെയും പങ്കാളിത്തം വേണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില് എസ് പറഞ്ഞു.
- Log in to post comments