Skip to main content

വാളകത്ത് ഭിന്നശേഷി കലോത്സവം ‘മഴവില്ലഴക് 2026’ സംഘടിപ്പിച്ചു

ഭിന്നശേഷിക്കാരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി വാളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. സ്നേഹസദനം ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ നടന്ന ‘മഴവില്ലഴക് 2026’ ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു ജോൺ ഉദ്ഘാടനം ചെയ്തു.

സിനിമാഗാനങ്ങൾ, ഒപ്പന, നാടോടിനൃത്തം, പ്രച്ഛന്നവേഷം തുടങ്ങി വിവിധ കലാപരിപാടികൾ കലോത്സവത്തിന്റെ ഭാഗമായി അരങ്ങേറി. പാട്ടും നൃത്തവുമായി വേദിയിലെത്തിയ ഭിന്നശേഷിക്കാർ തങ്ങളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിച്ചു. പരിമിതികളെ മറികടന്ന് കലാപ്രകടനങ്ങളിലൂടെ കാണികളുടെ കൈയടി നേടിയ പരിപാടികൾ  ആസ്വാദകർക്ക് വേറിട്ട അനുഭവമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത സുധാകരൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജോ പാപ്പാലിൽ, അംഗങ്ങളായ സൂസി പൗലോസ്,പി എം. എൽദോ,കെ കെ സർദാർജി, ഐ സി ഡി എസ് സൂപ്പർവൈസർ നൈനി വിനു,നീമ രാമകൃഷ്ണൻ, പി എ ആര്യാമോൾ ,ലതിക കൃഷ്ണകുമാർ,ദീപ തങ്കപ്പൻ, കെ എൻ സുലോചന , കെ എസ് മഞ്ചു, കെ എസ് അശ്വതി, അങ്കണവാടി വർക്കർമാർ,ബഡ്‌സ് സ്കൂൾ ഹെൽപ്പർമാർ,രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date