Skip to main content

സേഫ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗക്കാരുടെ ഭവനപൂർത്തീകരണവും ഭവന പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. 2006 ഏപ്രിൽ ഒന്നിന് ശേഷം ഭവനനിർമാണം പൂർത്തിയാക്കുകയോ അവസാന ഗഡു കൈപ്പറ്റുകയോ ചെയ്തവരായിരിക്കണം. വീടിന്റെ വിസ്തീർണം 1000 ചതുരശ്ര അടിയിൽ കവിയരുത്. വീട് അപേക്ഷകന്റെയോ ഭാര്യയുടെയോ ഭർത്താവിന്റെയോ പേരിലായിരിക്കണം.

 കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭവനനിർമാണം, ഭവനപുനരുദ്ധാരണം, ഭവനപൂർത്തീകരണം എന്നിവയ്ക്കായി സർക്കാർ ധനസഹായം ലഭിച്ചവരെയും മുൻ വർഷങ്ങളിൽ അനുവദിച്ച ധനസഹായത്തിന്റെ അവസാന ഗഡു കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കൈപ്പറ്റിയവരെയും പരിഗണിക്കില്ല.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്‌ബുക്ക് എന്നിവയുടെ പകർപ്പുകൾ, വീടിന്റെ വിസ്തീർണം രേഖപ്പെടുത്തിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, വീടിന്റെ കാലപ്പഴക്കം സംബന്ധിച്ച സർട്ടിഫിക്കറ്റ് എന്നിവ സഹിതം  ഒക്ടോബർ 31നകം അതത് ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം.

date