Skip to main content

അഖിലയ്ക്ക് കല്ലേക്കാട് വീടൊരുക്കി ലൈഫ് മിഷന്‍

 

    അച്ഛനും അമ്മയും നഷ്ടപ്പെട്ട അഖിലയ്ക്ക് വീടൊരുക്കി ലൈഫ് മിഷന്‍. ഒമ്പതാംക്ലാസുകാരി അഖിലയ്ക്ക് ലൈഫ് മിഷന്‍റെ പ്രത്യേക അനുമതിയോടെ പൂര്‍ത്തീകരിച്ച വീടിന്‍റെ താക്കോല്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി.ബിന്ദു കൈമാറി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്- പിരായിരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പിരായിരി പഞ്ചായത്തിലെ 17-ാം വാര്‍ഡിലാണ് വീട് നിര്‍മിച്ചത്. 
    അഖിലയുടെ അച്ഛന്‍ കുട്ടന്‍ ഒരു വര്‍ഷം മുമ്പാണ് കാന്‍സര്‍ രോഗം ബാധിച്ച് മരിച്ചത്. അധികം വൈകാതെ അമ്മ ലതയും മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടു. ചികിത്സയ്ക്കായി ധാരാളം പണം ചെലവായതിനാല്‍ സ്വന്തമായൊരു വീട് സാക്ഷാത്ക്കരിക്കാന്‍ ഇവര്‍ക്കായില്ല. തകര്‍ന്നുവീണ ഇവരുടെ വീട്ടില്‍ താമസിക്കാന്‍ കഴിയാത്തതിനാല്‍ ഏകമകള്‍ അഖില ബന്ധുക്കളോടൊപ്പമാണ് താമസിച്ചത്. 
    2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ദിരാഗാന്ധി ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പിരായിരി ഗ്രാമപഞ്ചായത്തില്‍ വീടിനായി അപേക്ഷിച്ച ലതയ്ക്കും കുട്ടനും അസുഖം കൂടിയതിനെ തുടര്‍ന്ന് വീട് നിര്‍മിക്കാന്‍ കഴിഞ്ഞില്ല. ഭവനനിര്‍മാണ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടും പൂര്‍ത്തിയാവാത്ത വീടുകളുടെ നിര്‍മാണമെന്ന ലൈഫ് മിഷന്‍റെ ഒന്നാംഘട്ട ലക്ഷ്യത്തിലുള്‍പ്പെടുത്തി ലത-കുട്ടന്‍ ദമ്പതികളുടെ വീട് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷനിലേക്ക് ഇതു സംബന്ധിച്ച് കത്തെഴുതുകയും ലൈഫ് മിഷനില്‍ നിന്നും വീട് പൂര്‍ത്തിയാക്കാന്‍ തുക അനുവദിച്ച് പ്രത്യേക അനുമതി ലഭിക്കുകയും ചെയ്തു. അനുവദിക്കുന്ന തുക കൈകാര്യം ചെയ്യുന്നതിന് കുട്ടിയുടെ ചെറിയച്ഛനുമായി പഞ്ചായത്ത് കരാറില്‍ ഏര്‍പ്പെടുകയും നിര്‍മാണം ഇദ്ദേഹത്തെ ഏല്‍പിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്നു മാസത്തിനകം വീട് പണി തീര്‍ത്തു. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്ടില്‍ കിണര്‍ നിര്‍മിച്ചു നല്‍കാനും തീരുമാനമായതായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.പി.ബിന്ദു പറഞ്ഞു. 
കല്ലേക്കാട് ചൈത്ര നഗറിലെ വീട്ടില്‍ നടന്ന താക്കോല്‍ദാന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത വൈസ് പ്രസിഡന്‍റ് കെ.സി.കിഷോര്‍ കുമാര്‍, പിരായിരി പഞ്ചായത്ത് പ്രസിഡന്‍റ് കല്യാണി, ബ്ലോക്ക് അംഗം സാദിഖ് പാഷ, പഞ്ചായത്ത് വാര്‍ഡ് മെംബര്‍ ശാന്ത സുകുമാരന്‍, പാലക്കാട് ബ്ലോക്ക് സെക്രട്ടറി ജി.വരുണ്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അനീഷ് ജെ അലക്കപ്പള്ളി,  പിരായിരി പഞ്ചായത്ത് വി.ഇ.ഒ ശിവപ്രസാദ്, ജോയിന്‍റ് ബി.ഡി.ഒ ബഷീര്‍, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എല്‍.എം.റമീസ, പാലക്കാട് ബ്ലോക്ക്, പിരായിരി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

date