Skip to main content

പ്രേം നസീർ ജന്മശതാബ്ദി ആഘോഷിക്കും

*ഡിസംബർ 11 മുതൽ ഏപ്രിൽ ഏഴ് വരെ വിപുലമായ ആഘോഷങ്ങൾ 

           ചലച്ചിത്രനടൻ പ്രേം നസീറിന്റെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കാൻ സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ തീരുമാനം. ഡിസംബർ 11ന് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രേം നസീറിന് ആദരമർപ്പിച്ചുകൊണ്ടാണ് ആഘോഷങ്ങളുടെ തുടക്കം. 2027 ഏപ്രിൽ ഏഴിന് അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും.

           പ്രേം നസീറിന് മലയാള സിനിമ നൽകുന്ന ഏറ്റവും വലിയ ആദരമാകും നാലുമാസം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷമെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ചിറയിൻകീഴിൽ പ്രേം നസീറിന്റെ പേരിൽ നിർമിക്കുന്ന പഠനഗവേഷണ കേന്ദ്രത്തിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കും. തിരുവനന്തപുരത്ത് അദ്ദേഹത്തിന് സ്മാരകം നിർമിക്കുന്നതിനായി സ്ഥലം കണ്ടെത്തും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രേം നസീറിന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.

           31-ാമത് ഐഎഫ്എഫ്‌കെയിൽ പ്രേം നസീറിന് ആദരമർപ്പിച്ച്  റിട്രോസ്‌പെക്ടീവ് വിഭാഗത്തിൽ പ്രത്യേക ചലച്ചിത്രപ്രദർശനം ഒരുക്കും. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളായ സിനിമകൾ പ്രദർശിപ്പിക്കും. കൂടാതെ, മൾട്ടിമീഡിയാ പ്രദർശനം, ഫോട്ടോ, പോസ്റ്റർ പ്രദർശനം, ഓഡിയോ വീഡിയോ ഇൻസ്റ്റലേഷനുകൾ, ഇന്ററാക്ടീവ് വീഡിയോ ഇൻസ്റ്റലേഷൻ വാൾ, ചലച്ചിത്രസംവാദം, അനുസ്മരണ പ്രഭാഷണ പരമ്പര മുതലായവ സംഘടിപ്പിക്കും.

           സംസ്ഥാനമെമ്പാടും ജില്ലാ തലത്തിൽ ചിത്രപ്രദർശനങ്ങൾ, സ്‌കൂൾ വിദ്യാർഥികൾക്ക് ക്വിസ് മൽസരങ്ങൾ, കലാമത്സരങ്ങൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.സംസ്ഥാനത്തെമ്പാടും ടൂറിങ് ടാക്കീസിലൂടെ സ്‌കൂളുകളിൽ നസീർ സിനിമകളുടെ പ്രദർശനം സംഘടിപ്പിക്കും. നസീർ സിനിമകൾ 4 k ഗുണനിലവാരത്തിലേക്ക് മാറ്റിയെടുക്കാൻ ശ്രമം തുടങ്ങും. പ്രേം നസീറിന്റെ നൂറാം ജന്മദിനമായ 2027 ഏപ്രിൽ ഏഴിന് സംസ്ഥാനത്തെ എല്ലാ തീയേറ്ററുകളിലും സൗജന്യമായി അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് തീയേറ്റർ ഉടമകൾ യോഗത്തെ അറിയിച്ചു. 

           യോഗത്തിൽ സാംസ്‌കാരിക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എം അഞ്ജന, ഡയറക്ടർ കെ ഇമ്പശേഖർ, ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാർ, കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ എം രഞ്ജിത്ത്,  കെഎസ്എഫ്ഡിസി വൈസ് ചെയർമാൻ ആലപ്പി അഷ്‌റഫ്  തുടങ്ങിയവരും പ്രേം നസീർ ഫൗണ്ടേഷൻ, അമ്മ, മാക്ട, ഫെഫ്ക, ഫിലിം ചേംബർ, നിർമാതാക്കൾ, വിതരണക്കാർ, എക്‌സിബിറ്റേഴ്‌സ്, ട്രിവാൻഡ്രം ഫിലിം ഫ്രറ്റേണിറ്റി, ഡബ്ല്യൂസിസി, കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികളും പങ്കെടുത്തു.

പി.എൻ.എക്‌സ്. 4309/2026

date