പോലീസ് സേനയിലേക്ക് പുതിയ 164 വാഹനങ്ങൾ കൂടി : മന്ത്രി രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് ചെയ്തു
*ഏഷ്യൻ ഗെയിംസിൽ തിളങ്ങിയ കേരള പോലീസ് താരങ്ങളെ ആദരിച്ചു
സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ പുതിയ 164 പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങളും തീവ്രവാദവിരുദ്ധനീക്കങ്ങളും കൂടുതൽ ശക്തമാക്കുന്നതിനാണ് പുതിയ വാഹനങ്ങൾ ലഭ്യമാക്കിയിരിക്കുന്നതെന്ന് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
ഡാൻസാഫ് ഉൾപ്പെടെയുള്ളവയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് 10.92 കോടി രൂപ ചെലവഴിച്ച് 84 വാഹനങ്ങൾ വാങ്ങിയിട്ടുള്ളത്. കൂടാതെ, ജില്ലാ- റേഞ്ച്തല നാർക്കോട്ടിക് കൺട്രോൾ യൂണിറ്റുകൾക്കായി വാങ്ങിയ 5.04 കോടി രൂപയുടെ 24 വാഹനങ്ങളും ജില്ലാ ആന്റി ടെററിസ്റ്റ് സ്ക്വാഡ്, ഇന്റലിജൻസ് വിങ് എന്നിവയുടെ തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങൾക്കും കൗണ്ടർ ഇന്റലിജൻസിനുമായി 7.69 കോടി രൂപ ചെലവഴിച്ച് വാങ്ങിയ 56 വാഹനങ്ങളും ഉൾപ്പെടെ 164 വാഹനങ്ങളാണ് പോലീസ് സേനയുടെ ഭാഗമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഏഷ്യൻ ഗെയിംസിൽ ശ്രദ്ധേയനേട്ടം കൈവരിച്ച കേരള പോലീസിലെ കായിക താരങ്ങളെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു. അസിസ്റ്റന്റ് കമാൻഡന്റ് സജൻ പ്രകാശ്, ഹവിൽദാർമാരായ മനു ടി. എസ്., അൻസ ബാബു, എറിൻ വർഗീസ് എന്നിവരാണ് മന്ത്രിയിൽ നിന്നും അനുമോദനങ്ങൾ ഏറ്റുവാങ്ങിയത്.
കേരളത്തിന്റെയും രാജ്യത്തിന്റെയും യശസ്സ് ഉയർത്താൻ ഈ താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അനുമോദന സന്ദേശത്തിൽ മന്ത്രി പറഞ്ഞു. കായികരംഗത്തെ പ്രോത്സാഹനത്തിനായി കേരള പോലീസ് നൽകിവരുന്ന പിന്തുണയുടെയും സേനയുടെ കായിക പാരമ്പര്യത്തിന്റെയും വ്യക്തമായ തെളിവാണ് ഈ താരങ്ങളുടെ വിജയം. മുൻകാലങ്ങളിൽ ജിമ്മി ജോർജ്, ഗോപിനാഥ് ഐ.പി.എസ്., ജോസ് ജോർജ് ഐ.പി.എസ്., കെ. ഉദയകുമാർ, സിറിൾ സി. വള്ളൂർ തുടങ്ങി അന്തർദേശീയ തലത്തിൽ തിളങ്ങിയ നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ നിരയിലേക്കാണ് പുതിയ താരങ്ങളും എത്തിച്ചേർന്നിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ അധ്യക്ഷനായ പരിപാടിയിൽ ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപി ബൽറാം കുമാർ ഉപാധ്യായ, പോലീസ് ആസ്ഥാനം ഐ.ജി. ഹർഷിത അത്തലൂരി, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 4311/2026
- Log in to post comments