Skip to main content

സെന്‍സസ് രണ്ടാംഘട്ടം ജനുവരിയില്‍; പരിശീലനം തുടങ്ങി

ഇന്ത്യ സെന്‍സസ് 2027ന്റെ രണ്ടാംഘട്ടം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കും. വിവരശേഖരണത്തിനു മുന്നോടിയായി ജില്ലാതല ഉദ്യോസ്ഥര്‍ക്കും ചാര്‍ജ് ഓഫീസര്‍മാര്‍ക്കും അഡീഷണല്‍ ചാര്‍ജ് ഓഫീസര്‍മാര്‍ക്കു മുള്ള ദ്വിദിന പരിശീലനം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ തുടങ്ങി. പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സെന്‍സസിന്റെ ആദ്യഘട്ടമായ കെട്ടിടങ്ങളുടെ വിവര ശേഖരണം വിജയകരമായി പൂര്‍ത്തീകരിച്ചതുപോലെ ജനസംഖ്യാ കണക്കെടുപ്പും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് നല്‍കുന്ന വലിയ സേവനമാണിത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയും സെന്‍സസ് രണ്ടാം ഘട്ടം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന സെന്‍സസിന്റെ രണ്ടാം ഘട്ടത്തില്‍ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉപചോദ്യങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി നടത്തുന്ന വിവരശേഖരണത്തിനു പുറമേ സെല്‍ഫ് എന്യൂമറേഷനിലൂടെ വ്യക്തികള്‍ക്ക് സ്വന്തമായും വിവരങ്ങള്‍ ചേര്‍ക്കാന്‍ അവസരം ലഭിക്കും. പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനമുപയോഗിച്ചാണ് വിവരശേഖരണം.

40 ചോദ്യങ്ങള്‍

40 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. വ്യക്തിയുടെ പേര്, വയസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ഒന്നു മുതല്‍ 3 വരെയുള്ള വിഭാഗം. 4 മുതല്‍ 8 വരെയുള്ള വിഭാഗത്തില്‍ പൗരത്വം, വിവാഹിതനാണോ അല്ലയോ തുടങ്ങിയ വിവരങ്ങള്‍. 9 മുതല്‍ 13 വരെ ജാതി, രക്ഷിതാക്കളുടെ വിവരങ്ങള്‍, ഭിന്ന ശേഷി തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. 14 മുതല്‍ 17 വരെയുള്ള വിഭാഗം ഭാഷയും വിദ്യാഭ്യാസവും സംബന്ധിച്ചാണ്. 18 മുതല്‍ 25 വരെയുള്ള ചോദ്യങ്ങള്‍ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടാണ്. 26 മുതല്‍ 30 വരെയുള്ള വിഭാഗത്തില്‍ കുടിയേറ്റം, ജനന സ്ഥലം, അവസാനം താമസിച്ച സ്ഥലം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് 31 മുതല്‍ 33 വരെ. കോവിഡ് വാക്സിനേഷന്‍, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, വോട്ടര്‍ ഐഡി നമ്പര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ വിവരങ്ങളാണ് 34 മുതല്‍ 40 വരെയുള്ള ചോദ്യങ്ങള്‍.

സ്വന്തമായി വിവരങ്ങള്‍ ചേര്‍ക്കാം

എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിവരശേഖരണം നടത്തുന്നതിന് മുന്‍പ് 15 ദിവസം സെല്‍ഫ് എന്യൂമറേഷന്‍ നടത്താനാകും. ഓരോ വ്യക്തിക്കും സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം. വെബ് പോര്‍ട്ടല്‍ വഴിയാണ് വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്. സെല്‍ഫ് എന്യൂമറേഷന്‍ രീതി തിരഞ്ഞെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഐഡി നമ്പര്‍ വീടുകളിലെത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് നല്‍കണം. തുടര്‍ന്ന് എന്യൂമറേറ്റര്‍മാര്‍ വ്യക്തികള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം ഡേറ്റ സെര്‍വറിലേക്ക് ഏകോപിപ്പിക്കും. ഇത്തരത്തില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ വീട്ടിലെത്തുന്ന എന്യൂമറേറ്റര്‍മാര്‍ പരിശോധിച്ച് അംഗീകാരം നല്‍കണം. എന്യൂമറേറ്ററും വ്യക്തിയും അംഗീകരിച്ച ശേഷമായിരിക്കും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുക. പോപ്പുലേഷന്‍ എന്യൂമറേഷന്‍ ( പി ഇ ) ആപ്പ് വഴിയാണ് എന്യൂമറേറ്റര്‍മാര്‍ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. സെന്‍സസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും വികസിപ്പിച്ചിട്ടുണ്ട്. സെന്‍സസ് ആരംഭിച്ച ശേഷം പതിനാറാമത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെയും സെന്‍സസാണ് നടക്കുന്നത്.

സെന്‍സസ് രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന തീയതി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും. സെന്‍സസിന്റെ ആദ്യ ഘട്ടത്തില്‍ ജൂലൈ 1 മുതല്‍ 30 വരെ കെട്ടിടങ്ങളുടെയും വീടുകളുടെയും കണക്കെടുപ്പാണ് പൂര്‍ത്തായായിരുന്നു. വീടുകളിലും കണക്കെടുപ്പിലും വ്യക്തികള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ചേര്‍ക്കാവുന്ന സെല്‍ഫ് എന്യൂമറേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

സെന്‍സസ് ഡയറക്ടറേറ്റില്‍ നിന്നുള്ള സ്റ്റാറ്റിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ വിജയശേഖര്‍, ദിവ്യേന്ദു എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. സബ് കളക്ടർ വി.എം. ആര്യ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പരിശീലനം ഇന്ന് (15) സമാപിക്കും.

date