സൗഹൃദസല്ലാപമായി ‘കുട്ട്യോളും കളക്ടറും’
ഔദ്യോഗിക ഗൗരവങ്ങൾ മാറ്റിവെച്ച് കുട്ടിസല്ലാപങ്ങൾക്കും കളിചിരികൾക്കും വേദിയായി ജില്ലാ കളക്ടറുടെ ചേമ്പർ. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ‘കുട്ട്യോളും കളക്ടറും’ സംവാദ പരിപാടിയുടെ അഞ്ചാം പതിപ്പിലാണ് കിനാലൂർ ഗവൺമെന്റ് യു.പി. സ്കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികൾ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുമായി വിശേഷങ്ങൾ പങ്കിടാൻ കളക്ടറേറ്റിൽ എത്തിയത്.
കുട്ടികളുമായി സൗഹൃദം പങ്കുവെച്ച കളക്ടർ, അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചിരിനിമിഷങ്ങളിൽ പങ്കുചേരുകയും ചെയ്തു. സ്കൂളിൽ നല്ലൊരു കളിസ്ഥലം വേണമെന്ന ആഗ്രഹം കുട്ടികൾ ഉന്നയിച്ചപ്പോൾ അനുഭാവപൂർവ്വമായ മറുപടിയാണ് കളക്ടറിൽ നിന്നുണ്ടായത്. ഭാവിയിൽ ജില്ലാ കളക്ടറാകാൻ ആഗ്രഹിക്കുന്ന കൊച്ചുമിടുക്കർക്ക് അതിനായി സ്വീകരിക്കേണ്ട പഠനരീതികളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും അവർ ലളിതമായി വിശദീകരിച്ചു നൽകി.
കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, ഭരണസംവിധാനങ്ങളുടെ പ്രവർത്തനം അടുത്തറിയാൻ അവസരമൊരുക്കുക, വിദ്യാർഥികളുടെ ആശയങ്ങളും ആവശ്യങ്ങളും നേരിട്ട് മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചു വരുന്നത്.
സ്കൂൾ പ്രധാനാധ്യാപിക കെ.ബി. ശ്രീജ, അധ്യാപകരായ പി.എം. സോമൻ, സി. സന്ധ്യ, ശോഭ എന്നിവരും പരിപാടിയുടെ ഭാഗമായി.
- Log in to post comments