Skip to main content
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍: നിയമപരമായും ഗൗരവത്തോടെയും പ്രതികരിക്കണം -അഡ്വ.പി.സതീദേവി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍: നിയമപരമായും ഗൗരവത്തോടെയും പ്രതികരിക്കണം -അഡ്വ.പി.സതീദേവി

 

ഭരണഘടനാ പ്രകാരം തുല്യതയ്ക്കുള്ള അവകാശം ശക്തമായി നിലനില്‍ക്കുമ്പോഴും സ്ത്രീകള്‍ക്ക് നേരെയുള്ള നാനാവിധത്തിലുള്ള അതിക്രമങ്ങള്‍ കൂടുകയാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡി.പി. സതീദേവി പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്റെയും സംസ്ഥാന വനിതാ കമ്മീഷന്റെയും നേതൃത്വത്തില്‍
വി.കെ.കൃഷ്ണമേനോന്‍ മെേേമ്മാറിയല്‍ വനിതാ കോളേജില്‍ നടന്ന സംസ്ഥാനതല സ്റ്റാക്കിങ്ങ് ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നിയമ പരമായ അറിവിലൂടെ അതിക്രമങ്ങള്‍ക്കെതിരെയും ഡിജിറ്റല്‍ പ്രതലത്തിലൂടെയുള്ള അനാവശ്യമായ പിന്തുടരലിനെതിരെയും സ്ത്രീകള്‍ ശക്തമായി പ്രതികരിക്കണം. നിയമ ബോധവത്കരണം ഇതിനായി അനിവാര്യമാണ്. തുല്യത മൗലിക അവകാശമാണ് എന്ന് പറയുമ്പോഴും സ്ത്രീകള്‍ അവഗണിക്കപ്പെടുകയും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതും ഇക്കാലത്തും ഖേദകരമായ വസ്തുതയണ്.  ധൈര്യപൂര്‍വ്വമുള്ള തുറന്നു പറച്ചിലും പ്രതികരണവുമാണ് ഇതിനെതിരെ ഉണര്‍ന്നു വരേണ്ടത്. ഒട്ടനവധി നിയമങ്ങള്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിലുണ്ട്. പലപ്പോഴും തുറന്നു പറയാനുള്ള ഭയം കൊണ്ടും നീതിക്ക് വേണ്ടി ആരെ സമീപിക്കണം എന്നറിയാത്തതിനാലും സമൂഹം എങ്ങിനെ പ്രതികരിക്കുമെന്ന ആകുലതകൊണ്ടുമെല്ലാം സ്ത്രീകള്‍ നിശബ്ദരാകുന്നു. ഈ നിശബ്ദത അപകടകരമാണ്. വീടുകള്‍ക്കകത്തും പുറത്തും തൊഴിലിടങ്ങളിലുമെല്ലാം സ്ത്രീകള്‍ക്ക് അസുരക്ഷിതത്വം നേരിടുന്നുണ്ട്. സമൂഹമാധ്യമങ്ങളും പുതിയ വിവരവിനിമയ സങ്കേതങ്ങളുമെല്ലാം സ്ത്രീകള്‍ സൂക്ഷ്മതയോടെ കൈകാര്യ ചെയ്യേണ്ട കാലം കൂടിയാണിത്. നിയമപരമായും ഗൗരവത്തോടെയും ഇത്തരത്തിലുള്ള ഏതൊരു അതിക്രമത്തെയും നേരിടാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്നും അഡ്വ. പി.സതീദേവി പറഞ്ഞു.

വി.കെ.കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിനുമോള്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാക്കിങ്ങ് എന്നത് പുതിയ തലമുറകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഒന്നല്ലങ്കില്‍ മറ്റൊരു തരത്തില്‍  ഓണ്‍ലൈനിലൂടെ മാനസികമായും ശാരീരികമായും സാമൂഹികമായും പെണ്‍കുട്ടികള്‍ ഇതിനിരയാകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. ഇതിനെതിരെ പോരാടാന്‍ ബോധവത്കരണം ഏറെ സഹായകരമാണെന്നും അവര്‍ പറഞ്ഞു. അനാവശ്യമായ പിന്തുടരിലിനും ശല്യപ്പെടുത്തലിനുമെതിരെ ആര്‍ക്ക് പരാതി കൊടുക്കാം. എങ്ങിനെ പ്രതികരിക്കാം തുടങ്ങിയ നിയമപരമായ അറിവുകള്‍ സ്ത്രീകള്‍ ആര്‍ജ്ജിക്കണം. പ്രത്യേകിച്ചും കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഇതെല്ലാം മനസ്സിലാക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത വനിതാ കമ്മീഷനംഗം അഡ്വ.പി.കുഞ്ഞായിഷ പറഞ്ഞു. സ്റ്റാക്കിങ്ങ് വിവിധ വിഷയങ്ങളില്‍ സൈബര്‍, എ.ഐ നിയമവിദ്ഗധന്‍ എസ്.കെ.മനുകൃഷ്ണ, കൗണ്‍സിലിങ്ങ് സൈക്കോളജിസ്റ്റ് ഡോ.പി.എം.ബിനുതോട്ടത്തില്‍ എന്നിവര്‍ ക്ലാസ്സെടുത്തു. വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി വൈ.ബി.ബീന, വനിതാ കോളേജ് വിമെന്‍ സെല്‍ കോര്‍ഡിനേറ്റര്‍ വി.പി.ശ്രീകല, വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍.അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.

 

സൈബര്‍ സ്റ്റാക്കിങ്ങ്
ബോധവത്കരണുമായി വനിതാ കമ്മീഷന്‍

അനുദിനം വളരുന്ന ഡിജിറ്റല്‍ ലോകം ചതിക്കുഴികളുടേതും കൂടിയാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ കണക്കുകളില്‍ സംസ്ഥാനത്ത് പ്രതിവര്‍ഷം ഇരട്ടിയിധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ കൗമാരക്കാരായ കുട്ടികളാണ് ഇതിലേറെയും ഇരയാകുന്നത്.  ഇതിനെതിരെയുള്ള ബോധവത്കരണം വ്യാപിപ്പിക്കുകയാണ് വനിതാ കമ്മീഷന്‍. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും വനിതാ കമ്മീഷന്‍ കൈകോര്‍ത്ത് സൈബര്‍ സ്റ്റാക്കിങ്ങിനെതിരെ ബോധവത്കരണ സെമിനാറുകള്‍ നടത്തുകയാണ്. സമൂഹ മാധ്യമങ്ങള്‍ വഴിയോ ഇ മെയില്‍ വഴിയോ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും അവരെ തെറ്റായ ലക്ഷ്യം വെച്ച് പിന്തുടരുകയും ചെയ്യുക. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുക. വ്യാജ പ്രൊഫൈലുകളുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തുക, കടുത്ത അധിക്ഷേപങ്ങള്‍, ഭീഷണികള്‍, ബോഡി ഷെയിമിങ്ങ്, റിവഞ്ച് പോണ്‍, സൈബര്‍ ബുള്ളീയിങ്ങ് എന്നിവയെല്ലാം സൈബര്‍ സ്റ്റാക്കിങ്ങില്‍ ഉള്‍പ്പെടുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 75, 77, 351 (4) പ്രകാരവും 2000 ത്തിലെ സൈബര്‍ ആക്ട് പ്രകാരവും  ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏഴുവര്‍ഷം വരെ തടവും കേസിന്റെ ഗൗരവത്തിനനുസരിച്ച് പിഴയും ഈടാക്കുന്നതാണ്.  

 

പരാതികള്‍ എങ്ങിനെ നല്‍കാം

സ്റ്റാക്കിങ്ങ് പ്രവണതകളില്‍ പരാതികള്‍ നല്‍കാന്‍ വിപുലമായ സംവിധാനങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ പരാതിക്കിടയായ സംഭവം സേവ് ചെയ്യുകയെന്നതാണ് പ്രധാനം. തെളിവായി ഇവ ഹാജരാക്കണം. തീയ്യതി, സമയം തുടങ്ങിയവയെല്ലാം കുറിച്ചുവെക്കണം. സമൂഹ മാധ്യമങ്ങളില്‍ നിന്നും ഈ ഉള്ളടക്കം പിന്നീട് മായ്ച്ചുകളഞ്ഞാലും പരാതിയമായി മുന്നോട്ട് പോകാന്‍ ഇതുവഴി കഴിയും. ശല്യം ചെയ്തയാളെ ബ്ലോക്ക് ചെയ്യുക എന്നതാണ് അടുത്ത നടപടി. ഇതിന്റെയെല്ലാം സ്ക്രീന്‍ ഷോട്ട് സൂക്ഷിക്കാം. മൂന്നാമതായി ഈ സംഭവത്തെക്കുറിച്ച് അടുത്ത ആരോടെങ്കിലും പറയുക എന്നതും പ്രധാനപ്പെട്ട തെളിവാണ്. പരാതി പോലീസില്‍ നല്‍കി എഫ്. ഐ.ആര്‍ കോപ്പി രസീതിയും വാങ്ങണം. ഈ സംഭവത്തെ തുടര്‍ന്നുള്ള മാനസികമായും മറ്റുമുള്ള ബുദ്ധിമുട്ടുകള്‍ക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുള്ള പിന്തുണയും തേടേണ്ടതാണ്. അടിയന്തര ഇടപെടലുകള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 112, സൈബര്‍ ക്രൈം 1930, സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍ 181, ഹെല്‍പ്പ് ലൈന്‍ 1091, ദേശീയ വനിതാ കമ്മീഷന്‍ 14490, കോണ്‍ഫിഡന്‍ഷ്യല്‍ കൗണ്‍സിലിങ്ങ് 9152987821 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സ്റ്റാക്കിങ്ങ് ശ്രദ്ധയില്‍പ്പെട്ടാല്‍ രാജ്യത്തെ ഏത്് പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കാനുള്ള സംവിധാനമുണ്ട്. പരാതികളില്‍ ഏറ്റവും വേഗത്തിലേറിയ അന്വേഷണവും നടക്കും. കേസ് അന്വേഷിക്കുന്നതില്‍ പോലീസില്‍ നിന്നും വിമുഖതയുണ്ടായാല്‍ ഇവര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷനോ സംസ്ഥാന വനിതാ കമ്മീഷനോ പരാതി നല്‍കാം.

date