Skip to main content
സൂര്യഘര്‍ പദ്ധതി: ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു 

സൂര്യഘര്‍ പദ്ധതി: ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു 

 

പി.എം. സൂര്യ ഘര്‍ പദ്ധതിയുടെ പ്രചാരണത്തിന്റെയും ജനബോധവത്കരണത്തിന്റെയും ഭാഗമായി ജില്ലാ വൈദ്യുത ഭവന്റെ നേതൃത്വത്തില്‍ സേവ സേതു ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂര്‍ വൈദ്യുത ഭവനില്‍ നടന്ന ക്യാമ്പ് കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.കെ. ബഷീര്‍ അധ്യക്ഷനായി.

പദ്ധതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനായി ക്യാമ്പില്‍ വിവിധ സേവനങ്ങള്‍ ഒരുക്കി. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വെന്‍ഡര്‍മാരുടെയും ബാങ്ക് പ്രതിനിധികളുടെയും സേവനങ്ങള്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാരങ്ങള്‍ എന്നിവയെക്കുറിച്ചാണ് ബോധവത്കരണം നല്‍കിയത്.

പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്നതിനു പുറമെ വൈദ്യുതി ബില്ലില്‍ ഗണ്യമായ ലാഭം നേടാനും കുറഞ്ഞ പലിശനിരക്കില്‍ വായ്പാ സൗകര്യം പ്രയോജനപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഊര്‍ജോല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായകമാണ്.

പി.എം. സൂര്യ ഘര്‍ പദ്ധതിയുടെ ഭാഗമായി ഒരു കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ നിലയത്തിന് 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയും സബ്‌സിഡി ലഭിക്കും. കേരളത്തില്‍ രണ്ട് ലക്ഷം സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.വി. ഷൈനി, വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ ടി.എസ്. ജയശ്രീ, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം. വിനുശങ്കര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. ജഗദീശന്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.എം. നാസര്‍, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.വി. വിജയചന്ദ്രന്‍, പ്രോസ്യൂമര്‍ പ്രതിനിധികള്‍, വെന്‍ഡര്‍ പ്രതിനിധികള്‍, കെ.എസ്.ഇ.ബി. ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date