Skip to main content

മലപ്പുറം ജില്ലയില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ശ്രദ്ധേയമാകുന്നു: 9,812 കുട്ടിപൊലീസുകാര്‍ പങ്കാളികള്‍

അച്ചടക്കത്തിലൂടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ മാതൃകയാകുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) പദ്ധതി ജില്ലയില്‍ കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത 124 സ്‌കൂളുകളിലായി 9,812 കുട്ടി പോലീസുകാരാണ് ഇപ്പോള്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം 99 സ്‌കൂളുകളിലുണ്ടായിരുന്ന പദ്ധതിയാണ് ഈ വര്‍ഷം 25 എണ്ണത്തിലേക്ക് കൂടി വ്യാപിപ്പിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്‌കൂളുകളില്‍ ഈ പദ്ധതിയുള്ളത് മലപ്പുറം ജില്ലയിലാണ്. വിദ്യാര്‍ഥികളില്‍ നിയമബോധവും അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഔട്ട്‌ഡോര്‍-ഇന്‍ഡോര്‍ ക്ലാസുകള്‍, ക്യാമ്പുകള്‍, ഫീല്‍ഡ് വിസിറ്റുകള്‍, കമ്മ്യൂണിറ്റി പ്രോജക്ടുകള്‍ എന്നിവയാണ് എസ്.പി.സി പരിശീലനത്തിന്റെ പ്രധാന മേഖലകള്‍. രണ്ട് വര്‍ഷത്തെ പരിശീലനത്തില്‍ പരേഡ്, ശാരീരികക്ഷമതാ പരിശീലനം, പൗരത്വ ക്ലാസുകള്‍, നേതൃത്വ പരിശീലനം എന്നിവ ഉള്‍പ്പെടുന്നു. റോഡ് സുരക്ഷ, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ മേഖലകളിലും വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകുന്നുണ്ട്. പദ്ധതി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി., പ്ലസ് ടു തലത്തില്‍ 20 മാര്‍ക്ക് വെയിറ്റേജ് ലഭിക്കും. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ തുടങ്ങിയ യൂണിഫോം സര്‍വീസുകളിലെ നിയമനങ്ങളിലും ഈ ആനുകൂല്യം പ്രയോജനപ്പെടും. ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിലും പി.എസ്.സി വിജ്ഞാപനത്തിലും നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കാണ് വെയിറ്റേജ് ലഭിക്കുക.

കൂടാതെ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലും എസ്.പി.സി കേഡറ്റുകള്‍ സജീവ പങ്കാളിത്തമാണ് വഹിക്കുന്നത്. ഓപ്പറേഷന്‍ തൂഫാനിന്റെ ഭാഗമായി ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും വിവിധ ബോധവത്ക്കരണ പരിപാടികള്‍ ഇവര്‍ സംഘടിപ്പിക്കുന്നുണ്ട്. മുഴുവന്‍ കേഡറ്റുകളും തൂഫാന്‍ വാരിയര്‍മാരായി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കുകയും ഇവര്‍ മറ്റു വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

 

date