Skip to main content

*മൊബൈല്‍ ഇ-സേവ വാഹനം ഉദ്ഘാടനം 14 ന്*

പൊതുജനങ്ങള്‍ക്ക് കോടതി സംബന്ധമായ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന് മൊബൈല്‍ ഇ-സേവ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ ജഡ്ജി അയ്യൂബ്ഖാന്‍ ഇ പത്തനാപുരം ഇന്ന് (ഒക്ടോബര്‍ 14) രാവിലെ 10 ന് കല്‍പ്പറ്റ ജില്ലാ കോടതി പരിസരത്ത്  നിര്‍വഹിക്കും. ഇ-കോടതി പദ്ധതിയുടെ ഭാഗമായി ലഭ്യമായ ഡിജിറ്റല്‍ കോടതി സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക, വിദൂര പ്രദേശങ്ങളിലുള്ളവര്‍ക്ക് കോടതി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക, ഡിജിറ്റല്‍ സേവനങ്ങത്തെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കല്‍ എന്നിവയാണ് മൊബൈല്‍ ഇ-സേവ വാഹനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.  കേസുകളുടെ സ്ഥിതി, കോടതി കോസ് ലിസ്റ്റ്, കോടതി ഉത്തരവുകള്‍, കോടതി നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍  ഇ-കോടതി പോര്‍ട്ടല്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും  മൊബൈല്‍ ഇ-സേവ വാഹനത്തിലൂടെ പൊതുജനങ്ങള്‍ക്ക് സഹായം നല്‍കും. ഇ-ഫയലിങ്ങ് ഉള്‍പ്പെടെ ലഭ്യമായ ഡിജിറ്റല്‍ കോടതി സേവനങ്ങള്‍ പ്രയോജനപ്പെടാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. കല്‍പ്പറ്റ ജുഡീഷ്യല്‍ ജില്ലാ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ വാഹനം സേവനം ലഭ്യമാക്കും. ബന്ധപ്പെട്ട കോടതി സ്ഥാപനങ്ങളുടെയും ജില്ലാ നിയമസേവന അതോറിറ്റിയുടെയും ഏകോപനത്തോടെ കൂടുതല്‍ ജനങ്ങളിലേക്ക് സേവനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം.  കോടതി പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി ആര്‍ അനിത, ഇ-സെല്‍ നോഡല്‍ ഓഫീസര്‍ കെ കൃഷ്ണകുമാര്‍, ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

 

date