Skip to main content

ചാലിയം ഫിഷ് ലാൻഡിംഗ് സെന്ററിന് 17 കോടിയുടെ ഭരണാനുമതി : ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ

ചാലിയം മത്സ്യബന്ധന കേന്ദ്രത്തിന്റെ സമഗ്ര വികസന പദ്ധതിക്കായി 17 കോടി രൂപയുടെ ഭരണാനുമതി നൽകിയതായും വനം വകുപ്പിൽ നിന്നും ഭൂമി വിട്ടുകിട്ടുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ നിയമസഭയിൽ അറിയിച്ചു. ലേലപ്പുര, നെറ്റ് മെൻഡിംഗ് ഷെഡ്, പാർക്കിംഗ് ഏരിയ, കാന്റീൻ, ശൗചാലയം, കടമുറികൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ പദ്ധതി.

നിർദിഷ്ട പദ്ധതിക്കാവശ്യമായ ഭൂമി നിലവിൽ വനം വകുപ്പിന്റെ ആസ്തിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. മുൻപ് ലഭിച്ച സ്റ്റേജ് 1 അനുമതി സാങ്കേതിക തടസ്സങ്ങൾ കാരണം റദ്ദായ സാഹചര്യത്തിൽ, പരിവേഷ് പോർട്ടൽ വഴി ഫിഷറീസ് വകുപ്പ് പുതുതായി സ്റ്റേജ് 1 ക്ലിയറൻസിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് പി.എ മുഹമ്മദ് റിയാസിന്റെ സബ്മിഷന് മറുപടിയായി മന്ത്രി വിശദീകരിച്ചു. കോഴിക്കോട് ചെമ്പനോട് വില്ലേജിൽ കണ്ടെത്തിയ ഭൂമിയിൽ നിന്നാണ് പകരമായി വനവൽക്കരണത്തിന് ഭൂമി നൽകുക.

കൂടാതെ, പദ്ധതി പ്രദേശത്ത് നിലനിൽക്കുന്ന താൽക്കാലിക നിർമ്മിതികൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം എം.എൽ.എയേയും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി ഒരു പ്രാദേശിക കമ്മിറ്റി രൂപീകരിക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശം സി.ആർ.ഇസെഡ് പരിധിയിൽ വരുന്നതിനാൽ നിർമ്മാണത്തിന് മുൻപായി സി.ആർ.ഇസെഡ് ക്ലിയറൻസും ലഭ്യമാക്കേണ്ടതുണ്ട്. ഭൂമി കൈമാറി ലഭിക്കുകയും ക്ലിയറൻസുകൾ ലഭ്യമാവുകയും ചെയ്യുന്ന മുറയ്ക്ക് സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

           പി.എൻ.എക്‌സ്. 4335/2026

date