Skip to main content

വയോജനങ്ങള്‍ക്ക് സൗജന്യ യോഗ പരിശീലനമൊരുക്കി വെട്ടിക്കവല ബ്ലോക്ക്

വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യ യോഗ പരിശീലന പദ്ധതിയുമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. 2026-27 സാമ്പത്തിക വര്‍ഷം വികസന ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
60 വയസ്സും അതിന് മുകളിലും പ്രായമുള്ള വയോജനങ്ങളെയാണ് യോഗ പരിശീലിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 15 ഡിവിഷനുകളിലായി രണ്ട് കേന്ദ്രങ്ങള്‍ വീതം ആകെ 30 പരിശീലന കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സദാനന്ദപുരം, പാങ്ങോട്, കുളക്കട, കിഴക്കെത്തെരുവ്, ചിരട്ടക്കോണം, പുത്തൂര്‍, ഉമ്മന്നൂര്‍  തുടങ്ങിയ ഡിവിഷനുകളിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലൂടെ നിലവില്‍ 500 പേര്‍ക്ക് യോഗ പരിശീലനം നല്‍കിവരുന്നുണ്ട്. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പരിശീലകരുടെ നേതൃത്വത്തിലാണ് യോഗ പരിശീലനം. ഓരോ ഡിവിഷനിലെയും ഗുണഭോക്താക്കള്‍ക്ക് 25 ദിവസം വീതമാണ് പരിശീലനം നല്‍കുന്നത്. രാവിലെയും വൈകിട്ടും രണ്ട് ബാച്ചുകളിലായാണ് പരിശീലനം. ഓരോ ബാച്ചിനും ഒരു മണിക്കൂര്‍ വീതമാണ് പരിശീലനം.
വയോജനങ്ങളില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച യോഗ പരിശീലനം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ലക്ഷ്മി പറഞ്ഞു.
 

 

date