Skip to main content

വോട്ടർ പട്ടികയിൽ പേര് ചേർക്കാം -വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർ 15 മുതൽ 31 വരെ  പ്രത്യേക ഡ്രൈവ്

 

സംസ്ഥാന വ്യാപകമായുള്ള പ്രത്യേക ഊർജിത കർമ പരിപാടിയുടെ ഭാഗമായി ജില്ലയിലും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർ 15 മുതൽ 31 വരെ  പ്രത്യേക ഡ്രൈവ് തുടങ്ങിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. 

നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവരേയും  2027 ജനുവരി 1 ന് 18 വയസ് തികയുന്നവരേയും ഉൾപ്പെടുത്തിയാണ് വോട്ടർ പട്ടിക പുതുക്കുന്നത്. 

ബി.എൽ.ഒ സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ, ഇതിനായി ഒക്ടോബർ 15 മുതൽ  ഒക്ടോബർ 31 വരെ വില്ലേജ് ഓഫീസുകളിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഹെൽപ് ഡെസ്കുകളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും (ഫോം 6) വോട്ടർ പട്ടികയിൽ നിന്നും  പേര് നീക്കം ചെയ്യുന്നതിനും (ഫോം 7), വോട്ടർപട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിനും (ഫോം 8) ഉള്ള അപേക്ഷകൾ സമർപ്പിക്കാം. ഇങ്ങനെ ലഭ്യമാകുന്ന പുതിയ അപേക്ഷകൾ / നേരത്തെ സമർപ്പിക്കപ്പെട്ട അപേക്ഷകൾ എന്നിവയിൽ ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വീടുകളിൽ നേരിട്ടെത്തി അപേക്ഷാ വിവരങ്ങളുടെ കൃത്യത ഉറപ്പു വരുത്തും. 

പുതിയ അപേക്ഷകർക്ക് നിയമപ്രകാരമുള്ള ഫോം 6 ൽ ഓൺലൈനായി  https://voters.eci.gov.in എന്ന ഇലക്ഷൻ കമ്മീഷന്റെ പേർട്ടലിലോ മൊബൈൽ ഫോണിൽ  ECINet App ഡൌൺലോഡ് ചെയ്തോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം   ഫോട്ടോ, വയസ്സ്, വിലാസം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന 12  രേഖകളിൽ ഏതെങ്കിലും ഒന്ന്  സമർപ്പിക്കണം. ആധാർ സമർപ്പിക്കുന്നവർ മറ്റൊരു അംഗീകൃത രേഖ കൂടി സമർപ്പിക്കേണ്ടതാണ്. വോട്ടർ പട്ടികയിൽ നിലവിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബാംഗത്തിന്റേയോ അയൽവാസിയുടേയോ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ കൂടി അപേക്ഷകളിൽ നൽകണം. 

ജില്ലയിലെ എല്ലാ കോളേജുകളിലും ഹയർസെക്കന്ററി സ്കൂളുകളിലും ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ (ഇ.എൽ.സി) നേതൃത്വത്തിൽ ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കും. 

യുവവോട്ടർമാർക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കോളേജ്-ഹയർ സെക്കണ്ടറി സ്കൂൾ തലത്തിൽ 'ക്യാമ്പസ് ടു ബൂത്ത് ' എന്ന പേരിൽ എൻറോൾമെന്റ് ഡ്രൈവ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ' സ്റ്റെപ്പ് ഫോർവേഡ്, ഗെറ്റ് കൗണ്ടഡ് ' എന്ന ടാഗ് ലൈനോടെ നവംബർ 2 മുതൽ 7 വരെ നീണ്ടു നിൽക്കുന്ന എൻറോൾമെന്റ് ഡ്രൈവ്  കോളേജ് - ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ നടത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

നിലവിൽ വോട്ടർ പട്ടികയിൽ ഇനിയും ഉൾപ്പെടാത്തവരും 2027 ജനുവരി ഒന്നിൽ 18 വയസ്സു പൂർത്തിയാകുന്നവരുമായ എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date