എന്റെ കുളം പദ്ധതി': മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി
'നിർമ്മലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 'എന്റെ കുളം' പദ്ധതിക്ക് തുടക്കമായി. ജില്ലാ കളക്ടർ ജി. പ്രിയങ്ക പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ കാഞ്ഞിരമറ്റം ഡിവിഷനിൽ ഉൾപ്പെടുന്ന ക്രോസോത്ത് കുളം ശുചീകരിച്ചുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരോടൊപ്പം മുത്തൂറ്റ് ഫിനാൻസിൻ്റെ സി എസ് ആർ വിഭാഗവുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പൊതുകുളങ്ങൾ, പരമ്പരാഗത ജലസ്രോതസ്സുകൾ എന്നിവയെ സംരക്ഷിക്കുകയും പുനരുദ്ധരിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജലസംരക്ഷണത്തോടൊപ്പം കൃഷിക്കും മറ്റു ആവശ്യങ്ങൾക്കു മുള്ള വെള്ളത്തിൻ്റെ ലഭ്യത ഉറപ്പാക്കുക, ഭൂഗർഭ ജലനിരപ്പ് ഉയർത്തുക, നാടിൻ്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുക എന്നിവയും ലക്ഷ്യമിടുന്നു. ജലസ്രോതസ്സുകളുടെ ശുചീകരണം, ആഴം കൂട്ടൽ, സംരക്ഷിക്കൽ, കുളങ്ങൾക്ക് ചുറ്റും ചെടികൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കും.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്ത്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ. പൗലോസ്, ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മുത്തൂറ്റ് ഫൈനാൻസ് ഗ്രൂപ്പ് സി. എസ്. ആർ. പ്രതിനിധി പത്മകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments