Skip to main content

അനർഹമായി കൈവശമുള്ള മുൻഗണന വിഭാഗം റേഷൻ കാർഡുകൾ സറണ്ടർ ചെയ്യണം

മുൻഗണനാ വിഭാഗത്തിൽ (AAY/PHH) (പിങ്ക്/മഞ്ഞ) ഉൾപ്പെട്ടിട്ടുള്ള ചില റേഷൻ കാർഡ് ഉടമകൾ നിലവിലെ വിഭാഗത്തിൽ തുടരുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അനർഹർ മുൻഗണനാ വിഭാഗത്തിൽ തുടരുന്നത് അർഹരായ കുടുംബങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നതിന് ഇടയാക്കും.

സർക്കാർ/അർദ്ധ സർക്കാർ / പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താല്ക്കാലിക ജീവനക്കാർ ഒഴികെ) ആദായ നികുതി ദാതാക്കൾ, പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുളളവർ, 

സ്വന്തമായി ഒരേക്കറിനു മുകളിൽ ഭൂമിയുളളവർ, സ്വന്തമായി 1000 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണ്ണമുളള വീടോ ഫ്ലാറ്റോ ഉളളവർ,നാലു ചക്ര വാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗ്ഗമായ ടാക്സി ഒഴികെ), കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽ നിന്നോ സർക്കാർ സ്ഥാപനത്തിലെ ജോലിയിൽ നിന്നോ പ്രതിമാസം 25000 രൂപയിൽ കൂടുതൽ വരുമാനമുളളവർ തുടങ്ങിയ വിഭാഗത്തിൽപെടുന്നവർ മുൻ ഗണനാ കാർഡിന് അർഹരല്ല.

മുൻഗണനാ പട്ടിക ശുദ്ധീകരിക്കുന്നതിൻറെ ഭാഗമായി അനർഹരെന്ന് കണ്ടെത്തുന്ന ഗുണഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ( KTPDS (Control) Order, 2021 ലെ ഖണ്ഡിക 11)  സ്വീകരിച്ചുവരുന്നുണ്ട്. 

എന്നാൽ മുൻഗണനാ വിഭാഗത്തിൽ നിയമാനുസൃതമായി ഉൾപ്പെട്ടതിന് ശേഷം ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റം മൂലം അർഹത നഷ്ടപ്പെട്ടിട്ടും അത് അറിയിക്കാതെ ആനുകൂല്യങ്ങൾ തുടർന്നും കൈപ്പറ്റുന്ന ഗുണഭോക്താക്കൾക്ക് ഒക്ടോബർ ഒൻപത് മുതൽ രണ്ട് മാസത്തേക്ക് സ്വമേധയാ കാർഡ് സറണ്ടർ ചെയ്യുന്നതിന് സാവകാശം അനുവദിച്ചിരുന്നു. സ്വമേധയാ സറണ്ടർ ചെയ്യുന്നവർക്ക് പിഴ ഈടാക്കുകയോ മറ്റ് ശിക്ഷാനടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതല്ലെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date