ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി: ബെന്നി ബഹനാൻ എം.പി.
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സ്കിൽസ് എക്സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തി’ എന്ന വിഷയത്തിലുള്ള സംവാദം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു.
ഗാന്ധിജി വിഭാവനം ചെയ്ത മതേതരത്വം മതനിരാസമോ മതനിഷേധമോ അല്ലെന്നും എല്ലാ മതങ്ങളുടെയും സത്ത ഉൾക്കൊണ്ട് പരസ്പര ബഹുമാനവും സൗഹാർദവും വളർത്തുന്ന കാഴ്ചപ്പാടായിരുന്നുവെന്നും ബെന്നി ബഹനാൻ പറഞ്ഞു. ഭൂരിപക്ഷത്തിന്റെ അഭിപ്രായം അംഗീകരിക്കുന്നതിനൊപ്പം ന്യൂനപക്ഷത്തിന്റെ അഭിപ്രായങ്ങളെ മാനിക്കുകയും ചെയ്യുന്ന ജനാധിപത്യ സങ്കൽപ്പമാണ് ഗാന്ധിജി മുന്നോട്ടുവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അഹിംസയെയും സത്യാഗ്രഹത്തെയും ശക്തമായ സമരമാർഗങ്ങളാക്കി മാറ്റിയ ഗാന്ധിജിയുടെ ദർശനങ്ങൾക്ക് സമകാലിക ലോകത്തും വലിയ പ്രസക്തിയുണ്ട്. മതസൗഹാർദം, സാമൂഹിക ഐക്യം, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് ഗാന്ധിയൻ ആശയങ്ങൾ വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എം. വർഗീസ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.വി. പോളച്ചൻ, ലതിക ശശികുമാർ, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി, വൈസ് പ്രസിഡന്റ് മാജി ബാബു, ബി.ഡി.ഒ. അമൽദാസ് കെ.ജെ. മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments