സമ്പൂർണ്ണ ജലസാക്ഷരത ലക്ഷ്യം; മതിലകം ഗ്രാമപഞ്ചായത്തിന്റെ നീന്തൽ പരിശീലനം 11-ാം വർഷത്തിലേക്ക്: ഇതുവരെ പരിശീലനം നേടിയത് 1500-ഓളം പേർ
വെള്ളത്തെ ഭയപ്പെടാതെ അതിജീവിക്കാൻ കുട്ടികളെയും മുതിർന്നവരെയും പ്രാപ്തരാക്കുന്ന മതിലകം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നീന്തൽ പരിശീലനം 11-ാം വർഷത്തിലേക്ക്. സമ്പൂർണ്ണ ജലസാക്ഷരത എന്ന വേറിട്ട ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന നീന്തൽ പരിശീലന ക്യാമ്പിന് തുടക്കമായി. കഴിഞ്ഞ ഒരു പതിറ്റാണ്ടു കൊണ്ട് 1500-ഓളം പ്രദേശവാസികൾക്ക് നീന്തലിന്റെ ആത്മവിശ്വാസം പകരാൻ ഈ മാതൃകാ പദ്ധതിക്കായിട്ടുണ്ട്.
പഞ്ചായത്തിലെ പോളക്കുളത്തിൽ മതിലകം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ നെസിയ എം ഷാഹിബ് ഈ വർഷത്തെ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ അധ്യക്ഷത വഹിച്ചു.
അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്കും പഞ്ചായത്ത് നിവാസികളായ പത്ത് വയസ്സിന് മുകളിലുള്ളവർക്കുമായി ഒക്ടോബർ 15 മുതൽ 25 വരെ രാവിലെ 6.30 മുതൽ 7.30 വരെയാണ് പരിശീലനം നൽകുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം. ആൽഫ, സ്ഥിരം സമിതി അംഗങ്ങളായ പി. പി. പ്രസീദ, ഹസീന റഷീദ്, പഞ്ചായത്ത് സെക്രട്ടറി കെ. എസ്. രാമദാസ്, നീന്തൽ പരിശീലകൻ ഹരിലാൽ മൂത്തേടത്ത് എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. എ. ബിനേഷ് സ്വാഗതവും പാപ്പിനിവട്ടം ഗവ. എൽ. പി. സ്ക്കൂൾ പ്രധാനാധ്യാപിക ഇ. യു. സാജിദ നന്ദിയും പറഞ്ഞു.
- Log in to post comments