പൊതുകുളങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം പദ്ധതിക്ക് തുടക്കമായി
മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ പൊതുകുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി. കച്ചിത്തോട് ഡാമിൽ മത്സ്യവിത്ത് നിക്ഷേപിച്ച് കൊണ്ട് മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം 2026-27 പദ്ധതിയുടെ ഭാഗമായാണ് തൃശ്ശൂർ പീച്ചി മത്സ്യഭവന് കീഴിൽ ഗ്രാമപഞ്ചായത്തിലെ ഏഴ് പൊതു കുളങ്ങളിൽ 2.06 ഹെക്ടർ ഏരിയയിൽ 15,450 എണ്ണം കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
മത്സ്യ കൃഷിക്ക് അനുയോജ്യമായ പൊതു കുളങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുക വഴി ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക അത് വഴി ഭക്ഷ്യ സുരക്ഷയും മത്സ്യലഭ്യതയിൽ സ്വയം പര്യാപ്തതയും കൈവരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. സാധ്യമായ എല്ലാ ജലാശയങ്ങളും ഉപയോഗപ്പെടുത്താനും കുളങ്ങളെ വൃത്തിയാക്കി പരിപാലിക്കാനും ജല സംഭരണ ശേഷി വർദ്ധിപ്പിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കാനും പദ്ധതി സഹായിക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകന്യ ബൈജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.എം. അശോകൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജിത രമേശ്, ഗീതു രതീഷ്, ഗ്രേസി ജെയിംസ്, മിനി സുരേഷ്, അമുത വിനോജ്, ഫിഷറീസ് ഓഫീസർ ആഷ്ലി സനൽ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments