Skip to main content

നെല്ലുസംഭരണം വർധിപ്പിക്കും: മന്ത്രി അനൂപ് ജേക്കബ്

ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള സംഭരണം വർധിപ്പിക്കുമെന്ന്  ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 2021 ൽ നെല്ല് സംഭരണം 7.5 ലക്ഷം മെട്രിക് ടൺ ആയിരുന്നത് ഈ വർഷം അഞ്ച് ലക്ഷത്തി മുപ്പതിനായിരം മെട്രിക് ടണ്ണായി ചുരുങ്ങി. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.  വഴുതക്കാട് മൗണ്ട് കാർമൽ ഹാളിൽ ലോക ഭക്ഷ്യ ദിനാഘോഷവും സപ്ലൈകോ ദിനാഘോഷവും  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭക്ഷ്യഭദ്രത എന്ന ലക്ഷ്യം മുൻനിർത്തി പൊതുവിതരണവകുപ്പിന്റെ സമഗ്രമായ നവീകരണവും ശാക്തീകരണവും നടപ്പാക്കുമെന്ന്  മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ സ്റ്റോറുകൾ ഉള്ള നാടായി കേരളം മാറുകയാണ്. ടൈഡ് ഓവർ വിഹിതം വർധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ ലക്ഷ്യമിട്ട മുൻഗണന കാർഡുകൾ കൊടുക്കുക, സഞ്ചരിക്കുന്ന റേഷൻ കടകൾ ആദിവാസി മേഖലകളിലേക്ക് എത്തിക്കുക, പുതിയ ആധുനിക സ്റ്റോറുകൾ തുടങ്ങുക മുതലായ എല്ലാ പദ്ധതികളും വകുപ്പ് പൂർത്തിയാക്കിയെന്നും മന്ത്രി  പറഞ്ഞു. 

ചടങ്ങിൽ 'സപ്ലൈകോയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങളും' എന്ന പഠന റിപ്പോർട്ട് മന്ത്രി അനൂപ് ജേക്കബ് പ്രകാശനം ചെയ്തു.  ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പുസ്തകം ഏറ്റുവാങ്ങി.  2025-26ൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും ഓഫീസുകൾക്കും ഉള്ള പുരസ്‌കാരം മന്ത്രി അനൂപ് ജേക്കബ് സമ്മാനിച്ചു.  മേയർ വി വി രാജേഷ്, കൗൺസിലർ രാഖി രവികുമാർ, സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർപേഴ്‌സൺ ഡോ. ജിനു സക്കറിയ ഉമ്മൻ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണർ ഡോ. കെ ഹരികുമാർ, സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ സെക്രട്ടറി ആൻഡ് രജിസ്ട്രാർ സൂരജ് പി. ടി., എന്നിവർ സന്നിഹിതരായിരുന്നു.

പി.എൻ.എക്‌സ്. 4341/2026

date