നൊച്ചുള്ളി സബ് സെന്ററിന് ദേശീയ അംഗീകാരം; ആരോഗ്യപ്രവര്ത്തകരെ ആദരിച്ചു
കുഴല്മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലെ നൊച്ചുള്ളി സബ് സെന്ററിന് (ആയുഷ്മാന് ആരോഗ്യ മന്ദിര്) ദേശീയ ഗുണനിലവാര അംഗീകാരം നേടിയതിന്റെ ഭാഗമായി ആരോഗ്യപ്രവര്ത്തകരെ കുഴല്മന്ദം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 92.52% സ്കോര് നേടിയാണ് നേട്ടം കൈവരിച്ചത്. ജില്ലയില് ആദ്യമായി ദേശീയ ഗുണനിലവാര അംഗീകാരം നേടുന്ന സബ് സെന്ററാണ് നൊച്ചുള്ളി. എന്.ക്യൂ.എ.എസ് അംഗീകാരം നേടിയതിലൂടെ കേന്ദ്ര സര്ക്കാരില് നിന്ന് പ്രതിവര്ഷം 216,000 രൂപ വീതം തുടര്ച്ചയായി മൂന്ന് വര്ഷത്തേക്ക് (ആകെ 6,48,000 ലക്ഷം രൂപ) സാമ്പത്തിക പ്രോത്സാഹന സഹായമായി ഈ സബ് സെന്ററിന് ലഭിക്കും. ഈ തുക അടിസ്ഥാന സൗകര്യവികസനത്തിനും സേവനങ്ങളുടെ ഗുണനിലവാരം ഉയര്ത്തുന്നതിനുമായി വിനിയോഗിക്കും.
ഗര്ഭിണികള്ക്കുള്ള പരിചരണം, നവജാതശിശു സംരക്ഷണം, പ്രതിരോധ കുത്തിവെപ്പുകള്, ജീവിതശൈലീ രോഗനിര്ണയവും ചികിത്സയും, സൗജന്യ മരുന്നുകള്, വയോജന പരിചരണം ഉള്പ്പെടെയുള്ള 12 സമഗ്ര പ്രാഥമികാരോഗ്യ സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്. ഡിഎംഒ ഡോ. കെ. ബിന്ദു തോമസ്, ഡിപിഎം ഡോ. ബി റിയാസ്, ജില്ലാ ക്വാളിറ്റി ഓഫീസര് ഡോ. വി.വി അരുണ് മിത്ര, കുഴല്മന്ദം സി.എച്ച്.സി സൂപ്രണ്ട് ഡോ. എം.എ സിന്ധു, ബി.ക്യൂ.ടി അംഗം ഡോ. ജോവിത, ആരോഗ്യപ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുത്തു.
- Log in to post comments