മന്ത്രിയുടെ ഇടപെടൽ; കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് ഒരു ഡോക്ടർ കൂടി
കായംകുളം: താലൂക്ക് ആശുപത്രിയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡർമറ്റോളജി വിഭാഗത്തിലേക്ക് ഒരു ഡോക്ടറെ കൂടി നിയമിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ഡർമറ്റോളജി വിഭാഗത്തിൽ നിന്നുള്ള ഡോക്ടറെയാണ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് നിയമിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ പുറത്തിറക്കി.
ആഴ്ചയിൽ ഒരു ദിവസം (ശനിയാഴ്ച) ഡോക്ടറുടെ സേവനം ലഭ്യമാകും. ഈ പ്രവർത്തന ക്രമീകരണം പരമാവധി ആറു മാസക്കാലയളവിലേക്കോ മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെയോ ആയിരിക്കും. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം അടിയന്തരമായി ഉറപ്പാക്കണമെന്ന് കായംകുളം എം.എൽ.എയും സഹകരണ-എക്സൈസ് വകുപ്പ് മന്ത്രിയുമായ എം ലിജു നേരത്തെ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർന്നുണ്ടായ നിയമനങ്ങൾ.
താലൂക്ക് ആശുപത്രിയിലെ സർജറി വിഭാഗത്തിലുണ്ടായ പ്രതിസന്ധിയും മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് മുൻപ് പരിഹരിച്ചിരുന്നു. ഫൊറൻസിക് വിഭാഗത്തിലടക്കം അടിയന്തര നിയമനങ്ങൾ നടത്തി ആശുപത്രിയിലെ മറ്റ് പ്രതിസന്ധികൾക്കും ഇതിനകം പരിഹാരമായിരുന്നു.
- Log in to post comments