'കനിവ് കടലോളം' മുഖ്യമന്ത്രി പ്രകാശനം ചെയ്തു
*നൂറുദിന കർമ്മ പരിപാടിയിൽ 55 പദ്ധതികൾ പൂർത്തിയാക്കി മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ
ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പുകൾ നൂറുദിന കർമ്മപരിപാടിയിൽ പൂർത്തീകരിച്ച പദ്ധതികൾ ഉൾപ്പെടുത്തി തയാറാക്കിയ കൈപ്പുസ്തകം 'കനിവ് കടലോളം' മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു. സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിച്ച മന്ത്രി വി.ഇ അബ്ദുൾ ഗഫൂറിനെയും വകുപ്പ് മേധാവികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ, വകുപ്പ് സെക്രട്ടറി, ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പുകളുടെ ഡയറക്ടർമാർ, തീരദേശ വികസന കോർപറേഷൻ, തുറമുഖ എഞ്ചിനീയറിംഗ്, മത്സ്യഫെഡ്, സാഫ്, അഡാക് മേധാവിമാർ തുടങ്ങിയവർ പങ്കെടുത്തു.
നൂറ് ദിനങ്ങളിലായി 422.89 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ എല്ലാ ജില്ലകളിലും ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ ലഘുവിവരണമാണ് പുസ്തകത്തിലുള്ളത്. നൂറുദിന കർമ്മപരിപാടിയിൽ ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പുകളിൽ 49 പദ്ധതികളും സാമൂഹ്യനീതി വകുപ്പിൽ ആറ് പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
തന്റെ വകുപ്പുകൾ ഏറ്റെടുത്ത എല്ലാ പദ്ധതികളും പൂർത്തിയാക്കിയതായും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ ചില പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ ബാക്കിയുണ്ടെന്നും മന്ത്രി അബ്ദുൾ ഗഫൂർ പറഞ്ഞു. മത്സ്യമേഖലയിലെ സാധാരണക്കാരെയും ഭിന്നശേഷിക്കാർ അടക്കമുള്ള സാമൂഹ്യനീതി അർഹിക്കുന്നവരെയും ചേർത്തുപിടിക്കുന്ന കൂടുതൽ ക്ഷേമ, സേവന പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്. 4361/2026
- Log in to post comments