പിഴവുകൾ മറച്ചുവെക്കാതെ സുതാര്യതയുള്ള തൊഴിൽ സംസ്കാരം ഡോക്ടർമാർ വളർത്തിയെടുക്കണം: മന്ത്രി കെ. മുരളീധരൻ
പിഴവുകൾ മറച്ചുവെക്കാതെ, ഉത്തരവാദിത്തത്തോടും സുതാര്യതയോടും കൂടി പ്രവർത്തിക്കുന്ന തൊഴിൽ സംസ്കാരം വളർത്തിയെടുക്കാൻ ഡോക്ടർമാർ തയാറാകണമെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ 2020 എം.ബി.ബി.എസ് ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിൽ എത്ര സത്യസന്ധമായി ജോലി ചെയ്താലും ചിലപ്പോൾ വിമർശനങ്ങൾ കേൾക്കേണ്ടി വന്നേക്കാം. പാവപ്പെട്ട രോഗികളുടെ ആശ്വാസ കേന്ദ്രങ്ങളായ സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിക്കാൻ പഠിച്ചിറങ്ങുന്ന ഡോക്ടർമാർ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.
പരിമിതികൾ ഉണ്ടെങ്കിലും സാധാരണക്കാരായ രോഗികൾ കൂടുതലും ആശ്രയിക്കുന്നത് സർക്കാർ സംവിധാനങ്ങളെ ആണ്. അതിനാൽ സർക്കാർ ആശുപത്രികളുടെ മഹത്വം നിലനിർത്തേണ്ടത് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്തമാണ്.രോഗികളോട് ശാന്തമായും ആശ്വാസമേകുന്ന രീതിയിലും പെരുമാറേണ്ടത് ഒരു ഡോക്ടറുടെ പ്രധാന കടമയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് കോഴ്സ് പൂർത്തിയാക്കിയ 2020 ബാച്ചിനെ മന്ത്രി അഭിനന്ദിച്ചു.
ചടങ്ങിൽ 236 വിദ്യാർത്ഥികൾക്കാണ് ബിരുദവും പുരസ്കാരങ്ങളും സമ്മാനിച്ചത്. ചലച്ചിത്ര താരവും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ചു രവീന്ദ്രൻ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ കെ. വി, മുൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments