Skip to main content
..

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തും: മന്ത്രി പി സി വിഷ്ണുനാഥ് മുഖത്തല ഗവ. എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. മുഖത്തല ഗവ. എല്‍ പി ആന്‍ഡ് തളിര് പ്രീ പ്രൈമറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മുഖത്തലയിലെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സ്‌കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. സാമൂഹികപ്രതിബദ്ധതയുള്ള മികച്ച അധ്യാപകരും പി ടി എയുമൊക്കെയുള്ള മാതൃക സ്‌കൂളാണിത്. എം എല്‍ എ എന്ന നിലയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യം നിര്‍ദേശിച്ച അഞ്ച് പദ്ധതികളിലൊന്നാണിത്. ബജറ്റില്‍ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് നാല് ക്ലാസ് മുറികള്‍ അടങ്ങുന്ന 569 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിടം പൂര്‍ത്തിയാകുന്നമുറക്ക് സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ  രണ്ടാംഘട്ടത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 18 മാസമാണ് നിര്‍മാണ കാലാവധിയെങ്കിലും കഴിയുന്നത്ര വേഗത്തില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് കരാറുകാരനോട് മന്ത്രി നിര്‍ദേശിച്ചു.
മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി 500 ലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് എം എല്‍ എ ഇടപെടുകയും ബജറ്റില്‍ തുക അനുവദിക്കുകയും ചെയ്തത്.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അജിത് കുമാര്‍  അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ദേവി, ജില്ലാ പഞ്ചായത്തംഗം ഫൈസല്‍ കുളപ്പാടം, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റ് നജുമ, ബ്ലോക്ക് പഞ്ചായത്തംഗം എ എല്‍ നിസാമുദ്ദീന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ് ഷീല, എം ഗംഗാദേവി, എ അഫ്സീന, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റോസമ്മ യോഹന്നാന്‍, വാര്‍ഡ് അംഗങ്ങളായ എസ് അശ്വതി, ജി പ്രശാന്ത്, എ എം ഷംലാല്‍, ഷമീര്‍ മജീദ്, ബൈജു പുതുച്ചിറ, പി ടി എ പ്രസിഡന്റ് ആര്‍ സതീഷ് കുമാര്‍, ചാത്തന്നൂര്‍ എ ഇ ഒ നജീമ ബീഗം, പി ഡബ്ല്യു ഡി ബില്‍ഡിങ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം എസ് ശ്രീജ,  എസ് എം സി പ്രസിഡന്റ് ഉനൈസ്, മാതൃസമിതി പ്രസിഡന്റ് ശാന്തി രാജേഷ്, സ്റ്റാഫ് സെക്രട്ടറി എസ് ഫൗസിയ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 
 

date