Skip to main content

വിജയകുമാർ മേനോൻ സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: പ്രൊഫ. കാട്ടൂർ നാരായണപിള്ളയ്ക്കും പി. സുരേന്ദ്രനും പുരസ്കാരം

 

 കേരള ലളിതകലാ അക്കാദമിയും വിജയകുമാർ മേനോൻ സ്മാരക സമിതിയും സംയുക്തമായി നൽകുന്ന വിജയകുമാർ മേനോൻ സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വിജയകുമാർ മേനോൻ പുരസ്‌കാരത്തിന് പ്രൊഫ. കാട്ടൂർ നാരായണപിള്ളയും കലാ എഴുത്തിനുള്ള പുരസ്‌കാരത്തിന് പി. സുരേന്ദ്രനും അർഹരായി. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2026 നവംബർ 1-ന് ലളിതകലാ അക്കാദമി ആസ്ഥാന മന്ദിരത്തിൽ നടത്തുന്ന പരിപാടിയിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

 

കലാചരിത്രാദ്ധ്യാപകനും നിരൂപകനുമായിരുന്ന വിജയകുമാർ മേനോന്റെ സ്മരണ നിലനിർത്തുന്നതിനും അദ്ദേഹത്തിന്റെ സംഭാവനകൾ ഓർമ്മിക്കപ്പെടുന്നതിനുമായാണ് കലാരംഗത്ത് പ്രവർത്തിക്കുന്ന രണ്ട് സമുന്നത വ്യക്തികൾക്ക് പുരസ്‌കാരങ്ങൾ നൽകിവരുന്നത്. അക്കാദമി ചെയർപേഴ്‌സൺ പ്രൊഫ. എസ്. പ്രകാശ് മൂർത്തി, തൃശൂർ ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഷിജോ ജേക്കബ്, വിജയകുമാർ മേനോൻ സ്മാരക സമിതി പ്രസിഡന്റ് ലതാദേവി എൻ.ബി, അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് വിജയികളെ തെരഞ്ഞെടുത്തത്.

 

പ്രൊഫ. കാട്ടൂർ നാരായണപിള്ള

 

ചിത്രകാരനും കേരള ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനുമാണ് പ്രൊഫ. കാട്ടൂർ നാരായണപിള്ള. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് മുൻ പ്രിൻസിപ്പലായ അദ്ദേഹം ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ ഫൈൻ ആർട്‌സ് ഫാക്കൽറ്റിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ ചിക്കാഗോ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള അദ്ദേഹം, 'ലോകമേ തറവാട്' പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര ലളിത് കലാ അക്കാദമിയുടെ ദേശീയ പ്രദർശനമടക്കം അറുപതിലധികം പ്രധാന പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തിന് നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും കേന്ദ്ര സാംസ്‌കാരിക വിഭാഗത്തിന്റെ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. 'ചിത്രകല ഒരു പഠനം', 'ചിത്രകലയിലെ രൂപ പരിണാമം' തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്.

 

പി. സുരേന്ദ്രൻ

 

മലയാളത്തിലെ പ്രമുഖ ഉത്തരാധുനിക ചെറുകഥാകൃത്തും കലാവിമർശകനുമാണ് പി. സുരേന്ദ്രൻ. 'രാമചന്ദ്രന്റെ കല', 'വെളിച്ചത്തിന്റെ പര്യായങ്ങൾ' തുടങ്ങിയ കലാവിമർശന പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'ചൈനീസ് മാർക്കറ്റ്' എന്ന ചെറുകഥാസമാഹാരത്തിന് മുപ്പത്തിമൂന്നാമത് ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചു. കർണ്ണാടകത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ലളിതകലാ അക്കാദമി അവാർഡ്, പത്മരാജൻ പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ സമഗ്ര സംഭാവനാ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

 

date