Skip to main content

കുട്ടികളിലെ സൈബർ അപകട സൂചനകൾ തിരിച്ചറിയൽ: അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസും സമ്മാനദാനവും സംഘടിപ്പിച്ചു

 

ദേശീയ അധ്യാപക ദിനാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച 'ബീയോണ്ട് ദി സ്ക്രീൻ - എ ലെറ്റർ ടു മൈ ഡിയർ സ്റ്റുഡന്റ് ഓൺ ഡിജിറ്റൽ വെൽ ബീയിംഗ്' എന്ന വിഷയത്തിലെ കത്തെഴുത്ത് മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർവ്വഹിച്ചു. പരിപാടിയോടനുബന്ധിച്ച് കുട്ടികളിലെ സൈബർ അപകട സൂചനകൾ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

 

കളക്ടറേറ്റ് ഐ.എൽ.ഡി.എം ഹാളിൽ നടന്ന ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി നിർവ്വഹിച്ചു. തൃശ്ശൂർ സിറ്റി സൈബർ സെൽ സബ് ഇൻസ്പെക്ടർ ടി.ഡി. ഫീസ്റ്റോ ക്ലാസിന് നേതൃത്വം നൽകി. ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ കീഴിലുള്ള 'മിഷൻ ശക്തി - ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ' ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

 

കുട്ടികളിൽ കണ്ടുവരുന്ന സൈബർ അപകട സൂചനകൾ, പെരുമാറ്റ വ്യതിയാനങ്ങൾ, ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ എന്നിവ അധ്യാപകർ എങ്ങനെ തിരിച്ചറിയണമെന്ന് ക്ലാസ്സിൽ വിശദീകരിച്ചു. കൂടാതെ ടു-ഫാക്ടർ ഓതെന്റിക്കേഷൻ (2FA), വ്യാജ ലിങ്കുകൾ കണ്ടെത്താനുള്ള 'വൈറസ് ടോട്ടൽ' ആപ്പ്, പി-ഹണ്ട് തട്ടിപ്പുകൾ, സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള 1930 ഹെൽപ്പ്‌ലൈൻ നമ്പർ, കേരള പോലീസിന്റെ 'തുണ' ആപ്പ്, 'പോൾ ആപ്പ്', അടിയന്തിര സഹായത്തിനുള്ള 112 ഹെൽപ്പ്‌ലൈൻ നമ്പർ തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.

 

ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി. മീര, വനിതാ ശിശുവികസന ഓഫീസിലെയും ഹബ്ബിലെയും ജീവനക്കാർ, കളക്ടറേറ്റിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date