'സന്തോഷത്തോടെ പഠിക്കാം': ക്യാംപയിനിന്റെ ഭാഗമായി സൗഹൃദ ഫുട്ബോള് മത്സരം സംഘടിപ്പിച്ചു
വിദ്യാര്ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില് നടപ്പിലാക്കുന്ന 'സന്തോഷത്തോടെ പഠിക്കാം' ക്യാംപയിനിന്റെ ഭാഗമായി മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളില് സൗഹൃദ ഫുട്ബോള് മത്സരം സംഘടിപ്പിച്ചു. ലോക മാനസികാരോഗ്യ ദിനാചരണത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഒക്ടോബര് 12 മുതല് 17 വരെ സര്ക്കാര് വിദ്യാലയങ്ങളിലാണ് ഈ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
പഠനസമ്മര്ദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടല് തുടങ്ങിയ പ്രശ്നങ്ങള് നേരിടുന്ന കുട്ടികള്ക്ക് കൗണ്സിലിങും മാനസികാരോഗ്യ പിന്തുണയും ലഭ്യമാക്കുകയാണ് ക്യാംപയിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ലഹരിക്കെതിരെ ബോധവത്കരണം നല്കാനും തെറ്റായ കൂട്ടുകെട്ടുകളില് നിന്ന് കുട്ടികളെ സംരക്ഷിക്കാനും വിദഗ്ധരുടെ നേതൃത്വത്തില് വഴികാട്ടല് നല്കുന്നുണ്ട്.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര് കെ.എം. ജാനിഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സി. ഷുബിന്, എന്.സി.ഡി. നോഡല് ഓഫീസര് ഡോ. വി. ഫിറോസ്ഖാന്, മാസ് മീഡിയ ഇന്-ചാര്ജ് പി. രാജന്, ടെക്നിക്കല് അസിസ്റ്റന്റ് പി. ദേവദാസ്, മലേറിയ ഓഫീസര് പി. പ്രദീപ്, പെരിന്തല്മണ്ണ ജില്ലാ ആശുപത്രി ആര്.എം.ഒ. ഡോ. ദീപക്, ഹെഡ്മാസ്റ്റര് ഇന്-ചാര്ജ് രമാദേവി, സിന്ധുലക്ഷ്മി, ബെനഡിക്റ്റ്, ഷാഹിദ് ബാവ തുടങ്ങിയവര് സംസാരിച്ചു. ഡി.എം.എച്ച്.പി. നോഡല് ഓഫീസര് ഡോ. മര്വ കുഞ്ഞീന് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി.
- Log in to post comments