Skip to main content

പതിനഞ്ചാം പഞ്ചവത്സര പദ്ധതി: സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ മുന്നോട്ട്

സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ഏഴ് ശതമാനം സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് 2027 മുതൽ 2032 വരെയുള്ള പതിനഞ്ചാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങളും അടിസ്ഥാന സൗകര്യ വികസനവും സാമൂഹിക-സാമ്പത്തിക ഉന്നമനവും മുൻനിർത്തിയാണ് പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്.
ഓരോ ജില്ലയുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ജില്ലകളിൽ ആശയരൂപീകരണ യോഗങ്ങൾ നടത്തിവരുന്നുണ്ട്. മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ എന്നിവരിൽ നിന്ന് ആശയങ്ങളും പ്രായോഗിക നിർദേശങ്ങളും സ്വീകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.
പ്രാദേശിക വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ഓരോ പ്രദേശത്തെയും അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇതിലൂടെ സാധിക്കും. പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ മേഖല എന്നിവയുടെ പങ്കാളിത്തത്തോടെ വൻ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാനും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും സർക്കാർ മുൻഗണന നൽകും. കാർഷിക, വ്യവസായ, സേവന മേഖലകളിലും വലിയ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

date