Skip to main content

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ഒക്ടോബർ 22 വരെ അപേക്ഷിക്കാം 

 ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകൾക്കും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലൂടെ ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം നൽകുന്നത്. തുക തിരിച്ചടയ്ക്കേണ്ടതില്ല.

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ജനലുകൾ, വാതിലുകൾ, മേൽക്കൂര, തറ, പ്ലംബിംഗ്, സാനിറ്റേഷൻ, വൈദ്യുതീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് സഹായം നൽകുന്നത്. അപേക്ഷകയുടെ സ്വന്തം പേരിലോ പങ്കാളിയുടെ പേരിലോ ഉള്ള വീടിന്റെ വിസ്തീർണം 1,200 ചതുരശ്ര അടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബങ്ങൾക്ക് മുൻഗണന ലഭിക്കും. അപേക്ഷകയ്ക്കോ മക്കൾക്കോ ശാരീരികമോ മാനസികമോ ആയ വെല്ലുവിളികളുള്ള കുടുംബങ്ങൾ, പെൺകുട്ടികൾ മാത്രമുള്ളതോ മക്കളില്ലാത്തതോ ആയ അപേക്ഷകർ എന്നിവർക്കും മുൻഗണന നൽകും.

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽനിന്ന് സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾക്കും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സർക്കാരിൽനിന്നോ സമാന ഏജൻസികളിൽനിന്നോ ഭവന നിർമാണത്തിന് സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കണ്ടതില്ല.

വകുപ്പ് തയ്യാറാക്കിയ അപേക്ഷാ ഫോമിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകയുടെ സ്വന്തം പേരിലോ പങ്കാളിയുടെ പേരിലോ ഉള്ള ഭൂമിയുടെ 2026-27 സാമ്പത്തിക വർഷത്തെ നികുതി അടച്ച രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ നൽകണം. വീട് അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്നും വീടിന്റെ വിസ്തീർണം എത്രയാണെന്നും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മറ്റ് വകുപ്പുകളിൽനിന്നോ സമാന ഏജൻസികളിൽനിന്നോ ഭവന നിർമാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും തെളിയിക്കുന്ന സാക്ഷ്യപത്രവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽനിന്ന് വാങ്ങി നൽകണം.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ നൽകാം. അപേക്ഷാ ഫോം www.mwdscholarship.kerala.gov.in  ൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി  ഒക്ടോബർ 22.
ഫോൺ: 0484-2422292, 0484-2422294.

date