Skip to main content

ഓപ്പറേഷൻ തൂഫാൻ 2.0: സംയുക്ത വാഹനപരിശോധന

*159 നിയമലംഘനങ്ങൾ കണ്ടെത്തി 

എറണാകുളം മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി  ജില്ലയുടെ വിവിധ മേഖലകളിൽ വ്യാപക വാഹനപരിശോധന നടത്തി.  ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്  യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം നടന്ന പരിശോധനയിൽ 159 നിയമലംഘനങ്ങൾ കണ്ടെത്തി ചലാൻ തയ്യാറാക്കുകയും  8,06,500 രൂപ പിഴ ചുമത്തുകയും ചെയ്തു.

എറണാകുളം എൻഫോഴ്‌സ്മെൻ്റ് ആർ.ടി.ഒ. ബിജു ഐസക്കിൻ്റെയും, ആലുവ ഡി വൈ എസ് പി ബൈജു പൗലോസിൻ്റെയും നേതൃത്വത്തിൽ പുലർച്ചെ നാലുമുതൽ രാവിലെ എട്ടുവരെയായിരുന്നു പരിശോധന. പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഉദ്യോഗസ്ഥർ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് വിവിധ മേഖലകളിൽ നൂറോളം ഉദ്യോഗസ്ഥർ പരിശോധന നടത്തി.

അങ്കമാലി കറുകുറ്റി, കരയാംപറമ്പ്, പെരുമ്പാവൂർ, ആലുവ, മൂവാറ്റുപുഴ,കൂത്താട്ടുകുളം നേര്യമംഗലം തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. ഗതാഗതനിയമങ്ങൾ കർശനമായി നടപ്പാക്കുക, നിയമലംഘനങ്ങൾ തടയുക, റോഡ് സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു സംയുക്ത പരിശോധന.

പരിശോധനയിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതി അടയ്ക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കൽ, ആവശ്യമായ പെർമിറ്റ് ഇല്ലാതെ വാഹനങ്ങൾ ഉപയോഗിക്കൽ, ഇൻഷുറൻസ് പരിരക്ഷയില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, അനധികൃത കളർ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ, നമ്പർ പ്ലേറ്റ് മറച്ചുവെച്ച വാഹനങ്ങൾ, ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (HSRP) ഉപയോഗിക്കാത്ത വാഹനങ്ങൾ, നിരോധിത എയർ ഹോൺ ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയും പരിശോധനയിൽ കണ്ടെത്തി.

വാഹനങ്ങളുടെ രേഖകൾ, രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ, സുരക്ഷാ സംവിധാനങ്ങൾ, നിയമാനുസൃതമായ വാഹനഘടന എന്നിവ പരിശോധിച്ചാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

date