Skip to main content

സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ വ്യാപിപ്പിക്കാനും ശക്തമാക്കാനും കർമ്മ പരിപാടി തയ്യാറാക്കും: മന്ത്രി രമേശ് ചെന്നിത്തല 

 

 

ഓപ്പറേഷൻ തൂഫാൻ കൂടുതൽ ശക്തമായി മുന്നോട്ട് നയിക്കും. ജനങ്ങളുടെ പിന്തുണയോടെ ഓപ്പറേഷൻ തൂഫാൻ വിജയകരമായി നടപ്പാക്കാൻ ഇത് വരെ കേരള പോലിസിന് സാധിച്ചതായും പദ്ധതിയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ശക്തമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായുള്ള നടപടികൾ ആവിഷ്കരിച്ച്  നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും അതിനായി കർമ്മപരിപാടി തയ്യാറാക്കുമെന്നും രാമനിലയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആഭ്യന്തരം, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കർമ്മപരിപാടി തയ്യാറാക്കുന്നതിനായി ഡി ജി പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും നോഡൽ ഓഫീസർമാരുടെയും ഓൺലൈൻ യോഗം  ചേർന്ന് വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തതായും മന്ത്രി കൂട്ടിചേർത്തു. 

 

കേരളത്തിലെ മയക്ക്മരുന്നിന്റെ ഉപയോഗം 30 ശതമാനം കുറഞ്ഞതായും അക്രമ സംഭവങ്ങളും കൊലപാതകങ്ങളും ക്രമ സമാധാന പ്രശ്നങ്ങളും വളരെയധികം കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നത് സ്ത്രീകളിൽ നിന്നാണെന്നും മന്ത്രി കൂട്ടിചേർത്തു. 

 

സംസ്ഥാനത്ത് ഓപ്പറേഷൻ സ്പാ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അനധികൃതമായി സ്പാകൾ നടത്തുകയും അവിടെയൊക്കെ ലൈംഗിക ചൂഷണം വ്യാകപകമാകുകയും ചെയ്യുന്നുവെന്നും നിരവധി പരാതികൾ ലഭിച്ചതായും മന്ത്രി കൂട്ടിചേർത്തു. 

 

കഴിഞ്ഞ മൂന്ന് നാല് ദിവസമായി സംസ്ഥാനത്തെ ഇത്തരം സ്ഥാപനങ്ങളിൽ പോലീസ് റെയ്ഡുകൾ നടക്കുകയാണെന്നും സർക്കാരും പോലീസും ഓപ്പറേഷൻ സ്പാ വളരെ ഗൗരവത്തിൽ എടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു നിയമ നിർമാണത്തെപ്പറ്റി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും മന്ത്രി കൂട്ടിചേർത്തു. 

 

പെൺകുട്ടികളെയും കുടുംബങ്ങളെയും ചൂഷണം ചെയ്യുക, ആളുകളെ വഞ്ചിക്കുക എന്ന തരത്തിൽ പലയിടങ്ങളിലും സ്പാകൾ പ്രവർത്തിക്കുന്നതായി മന്ത്രി പറഞ്ഞു . ഇത്തരത്തിലുള്ള പ്രവർത്തികൾ നടത്തുകയോ ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുകയോ ചെയ്യുന്ന സ്പാകൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും അത്തരം സ്പാകൾ അടിയന്തിരമായി പൂട്ടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 

രണ്ട് ദിവസം സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ വാഹന പരിശോധനയിൽ ഏതാണ്ട് പതിനായിരത്തോളം ആളുകളെയാണ് മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വണ്ടിയോടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കുന്നവർ ഉൾപ്പെടെയുള്ളവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള മോട്ടോർ വാഹന നിയമ പ്രകാരമുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. മറ്റെല്ലാ രാജ്യങ്ങളിലും ശക്തമായ നിയമ നിർമാണത്തിലൂടെ ഇത് നിയന്ത്രിച്ചിട്ടുണ്ടെന്നും കേരളത്തിൽ ഈയടുത്തുണ്ടായ അപകടങ്ങളിലധികവും ലഹരിയോ മദ്യമോ ഉപയോഗിച്ച ശേഷം വണ്ടിയോടിച്ചത് മൂലമാണെന്നും ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ലഹരിയോ മദ്യമോ ഉപയോഗിച്ച ശേഷം വണ്ടിയോടിക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 

ഇരിങ്ങാലക്കുട കാറളത്ത് നടന്ന കൊലപാതകത്തിൽ എത്രയും പെട്ടെന്ന് സത്വര നടപടികൾ സ്വീകരിച്ച് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ കണ്ടുപിടിച്ച അവിടത്തെ ഐ ജി, ഡി ഐ ജി, റൂറൽ എസ് പി, പോലീസ് ഉദ്യോഗസ്ഥന്മാർ തുടങ്ങിയവരെ മന്ത്രി അഭിനന്ദിച്ചു. പെട്ടന്ന് തന്നെ ശാസ്ത്രീയമായി കുറ്റാന്വേഷണം നടത്തി പ്രതികളെ കണ്ടെത്താനുള്ള കേരള പോലീസിന്റെ വിജയകരമായ ഒരു പ്രവർത്തനമാണിതെന്നും മന്ത്രി പറഞ്ഞു. 

 

ഹരിപ്പാട് നിയോജകമണ്ഡലത്തിൽ പോഷകാഹാര കുറവ് മൂലം കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ചതായും പരിശോധനക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ആ കുടുംബത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായങ്ങൾ ആവശ്യമാണെങ്കിൽ അത് നൽകാൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

date