Skip to main content

വടകര വിദ്യാഭ്യാസ ജില്ലയിൽ ‘ലിറ്റിൽ മാസ്റ്റേഴ്സ്’ രണ്ടാം ബാച്ചിന് തുടക്കമായി

 

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘ലിറ്റിൽ മാസ്റ്റേഴ്സ്’ പദ്ധതിയുടെ വടകര വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം ബാച്ച് ഉദ്ഘാടനവും പ്രവേശനത്തോടനുബന്ധിച്ചുള്ള 'റോപ്പ്-ഇൻ' പരിപാടിയും കെ. കെ. രമ എം.എൽ.എ നിർവഹിച്ചു. കുട്ടികളിലെ പ്രതിഭയും ശാസ്ത്രബോധവും ചെറുപ്പത്തിൽത്തന്നെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് അവരുടെ തിളക്കമാർന്ന ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.

വടകര വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള ഏഴ് ഉപജില്ലകളിൽ നിന്നായി 'സി.എം. കിഡ്' പരീക്ഷയിൽ മികച്ച വിജയം നേടി ആദ്യ 10 റാങ്കുകളിൽ എത്തിയ 70 വിദ്യാർഥികളാണ് രണ്ടാം ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ചടങ്ങിൽ കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുന്നാസർ മുഖ്യാതിഥിയായിരുന്നു. വിവിധ ഉപജില്ലകളിലെ അസിസ്റ്റന്റ് എജ്യുക്കേഷണൽ ഓഫീസർമാരും ഡയറ്റ് അധ്യാപകരും പങ്കെടുത്തു. തുടർന്ന് പ്രമുഖ പരിശീലകർ നയിച്ച പ്രത്യേക പരിശീലന ക്ലാസുകൾ നടന്നു. സയൻസ് ലാബ് സന്ദർശിച്ച വിദ്യാർഥികൾ വിവിധ ശാസ്ത്രപരീക്ഷണങ്ങളിൽ നേരിട്ട് പങ്കാളികളാവുകയും ചെയ്തു.

date