Skip to main content

ഹരിപ്പാട് ശിശുമരണം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കും: മന്ത്രി ബിന്ദു കൃഷ്ണ സമാന സാഹചര്യങ്ങളിലുള്ള കുട്ടികളുടെ പട്ടിക വിപുലീകരിക്കും; ഒക്ടോബർ 23-ന് സംസ്ഥാനതല യോഗം ചേരുമെന്ന് മന്ത്രി

 

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് 
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമാന സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടും. 

കുഞ്ഞിനെ അടക്കം ചെയ്ത ഡാണാപ്പടിയിൽ നേരിടട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ച മന്ത്രി ബിന്ദു കൃഷ്ണ, തുടർന്ന് കുട്ടിയുടെ വീട്ടിലെത്തി നാട്ടുകാർ, ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരിൽനിന്ന് സംഭവത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. മരിക്കുമ്പോൾ കുഞ്ഞിന്റെ വയറ്റിൽ ആഹാരം ഉണ്ടായിരുന്നില്ലെന്നത് ഏറെ വേദനാജനകമാണെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ അപകടകരമായ സാഹചര്യം സംബന്ധിച്ച റിപ്പോർട്ട് നേരത്തേ വകുപ്പിന് ലഭിച്ചിരുന്നു. തുടർന്ന് അമ്മയെയും കുട്ടികളെയും വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആത്മഹത്യാ ഭീഷണിയെത്തുടർന്ന് അവർ അവിടെ നിന്ന് മടങ്ങുകയായിരുന്നു. പിന്നീട് കുട്ടികളുടെ വിവരങ്ങൾ അന്വേഷിക്കാൻ വീട്ടിലെത്തിയ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരോടും അങ്കണവാടി പ്രവർത്തകരോടും മാതാപിതാക്കൾ നിസ്സഹകരിച്ചെന്നും മന്ത്രി പറഞ്ഞു. 

സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കും.
സമാന സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ ഒക്ടോബർ 23-ന് സംസ്ഥാനതല യോഗം ചേരും. അപകടസാധ്യതയിലുള്ള കുട്ടികളുടെ നിലവിലുള്ള പട്ടിക പുനഃപരിശോധിച്ച് വിപുലീകരിക്കും. മിഷൻ വാത്സല്യ ഉൾപ്പെടെയുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും. 

കുടുംബത്തിലെ മറ്റ് കുട്ടികളുടെ സംരക്ഷണത്തിനും നവജാതശിശുവിന്റെ സുരക്ഷയ്ക്കുമായി ശിശുക്ഷേമ സമിതി ഇടപെടും. കുട്ടികളുടെ അമ്മയ്ക്ക് കൗൺസിലിംഗ് നൽകുന്നതിനും നടപടി സ്വീകരിക്കും.
തുടർന്ന് മന്ത്രി തുറവൂരിലെ ഹോമിലെത്തി അവിടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ച് ക്ഷേമം വിലയിരുത്തി. കുട്ടികളുടെ സുരക്ഷയ്ക്കും പരിചരണത്തിനും ആവശ്യമായ നടപടികൾ തുടരുമെന്നും മന്ത്രി അറിയിച്ചു. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മന്ത്രിയെ സന്ദർശനത്തിൽ അനുഗമിച്ചു.

date