Skip to main content

സംസ്ഥാന സ്കൂൾ കായികമേള: യാത്രാവിവരങ്ങൾ തത്സമയം അറിയാൻ 'ഒളിമ്പിക്സ് എക്സ്പ്രസ്' ആപ്പ്

 

കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നവർക്ക് യാത്രാസംബന്ധമായ സേവനങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനായി 'ഒളിമ്പിക്സ് എക്സ്പ്രസ്' മൊബൈൽ ആപ്പ് സജ്ജമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ആപ്പിന്റെ ലോഞ്ചിങ് നിർവഹിച്ചു.

മേളയുടെ ട്രാൻസ്പോർട്ട് കമ്മിറ്റിയാണ് ആപ്പ് വികസിപ്പിച്ചത്. കായികമേളയിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് കായികപ്രതിഭകൾക്കും അധ്യാപകർക്കും ഒഫിഷ്യലുകൾക്കും യാത്രാസംബന്ധമായ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

വിവിധ ജില്ലകളിൽ നിന്നെത്തുന്ന കായികതാരങ്ങൾക്ക് താമസസ്ഥലങ്ങളിൽ നിന്ന് കായികവേദികളിലേക്കുള്ള വാഹനസൗകര്യങ്ങൾ, റൂട്ടുകൾ, വാഹനങ്ങളുടെ കൃത്യമായ സമയവിവരങ്ങൾ, ട്രാഫിക് അപ്‌ഡേറ്റുകൾ എന്നിവ ആപ്പിലൂടെ തത്സമയം അറിയാൻ സാധിക്കും. അടിയന്തര ഘട്ടങ്ങളിൽ ട്രാൻസ്പോർട്ട് കമ്മിറ്റി ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാനും വാഹനങ്ങൾ ആവശ്യപ്പെടാനുമുള്ള സംവിധാനവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്.

ലോഞ്ചിംഗ് ചടങ്ങിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ റഷീദ് മാസ്റ്റർ, സലാം മലയമ്മ, റഫീഖ് മായനാട്, സത്താർ അരയൻകോട്, വാഹിദ് സമാൻ, സാജിദ് മൊക്കൻ, ജില്ലാ സെക്രട്ടറി അബൂബക്കർ മായനാട്, എൻ അബ്ദുസ്സലാം, സജീർ കുട്ടമ്പൂർ, മുനീർ പറശ്ശേരി, സലിം കുന്നത്ത്, പി ഹംസ, നസീറ ബഷീർ എന്നിവരും ട്രാൻസ്പോർട്ട് കമ്മിറ്റി അംഗങ്ങളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

date