Skip to main content

ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം: അഗളി പഞ്ചായത്ത് സ്റ്റേഡിയം വികസനത്തിന് 50 ലക്ഷം

കായിക യുവജനകാര്യ വകുപ്പിന്റെ 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി അഗളി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം അടിസ്ഥാന വികസനത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. പുതുതായി പ്രഖ്യാപിച്ച 34 കളിക്കളങ്ങളുടെയും നീന്തല്‍ക്കുളങ്ങളുടെയും പട്ടികയിലാണ് അഗളി ഗ്രൗണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കായികരംഗത്ത് ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്ത അട്ടപ്പാടിക്ക് മികച്ചൊരു മൈതാനം കാലങ്ങളായുള്ള ആവശ്യമായിരുന്നു. നിലവില്‍ അഗളി, ഷോളയൂര്‍ സ്‌കൂളുകളില്‍ ചെറിയ ഗ്രൗണ്ടുകള്‍ മാത്രമാണുള്ളത്. സ്‌റ്റേഡിയം യാഥാര്‍ഥ്യമാവുന്നതോടെ സ്‌കൂള്‍ കായിക മത്സരങ്ങള്‍ക്കും മറ്റും മികച്ച വേദി ഒരുങ്ങും. പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് മന്ത്രി എന്‍. ഷംസുദ്ദീന് നിവേദനം നല്‍കിയിരുന്നു. മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് അനുകൂല തീരുമാനമുണ്ടായത്. വരും ദിവസങ്ങളില്‍ സ്ഥലപരിശോധനയും മറ്റു പ്രാഥമിക നടപടികളും ആരംഭിക്കുമെന്നും അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

date