Skip to main content

*കൃഷി സാധ്യതകള്‍ ചര്‍ച്ച ചെയ്ത് യോഗം*

കൃഷിവകുപ്പ്, കേര, വയനാട് ഹില്‍സ് ഫാം പ്രൊഡ്യൂസര്‍ കമ്പനിയും സംയുക്തമായി വിദേശ പഴവര്‍ഗ്ഗ കൃഷി വികസനവുമായി ബന്ധപ്പെട്ട നടത്തിയ ആശയരൂപീകരണ യോഗം ശ്രദ്ധേയമായി. വിദേശ പഴവര്‍ഗ കൃഷി, വിളവെടുപ്പിനു ശേഷമുള്ള പരിപാലനം, വിതരണ ശൃംഖല, വിപണന സാധ്യതകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. വിദേശ പഴവര്‍ഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഗോള വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്തു. കാപ്പി, കുരുമുളക് എന്നിവയ്ക്കൊപ്പം വിദേശ പഴവര്‍ഗങ്ങള്‍ ഇടവിളയായി കൃഷി ചെയ്യല്‍,  വിദേശ പഴവര്‍ഗ വ്യാപാരത്തിന് ആഗോള വിപണിയില്‍ ഇടം നേടല്‍  ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസുകള്‍ നയിച്ചു. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഡ്രാഗണ്‍ ഫ്രൂട്ട്, അവക്കാഡോ, പാഷന്‍ ഫ്രൂട്ട്, റാംബുട്ടാന്‍, മാങ്കോസ്റ്റിന്‍, സ്‌ട്രോബെറി തുടങ്ങിയ വിദേശ പഴവര്‍ഗങ്ങളുടെ കൃഷി വ്യാപിപ്പിക്കാനുള്ള സാധ്യതകളും തിരഞ്ഞെടുത്ത പഴവര്‍ഗങ്ങളുടെ സംഭരണ കാലാവധി വര്‍ധിപ്പിക്കാനുള്ള നൂതന സാങ്കേതിക വിദ്യകള്‍, ജൈവകീടനാശിനി പ്രയോഗം എന്നിവ യോഗം ചര്‍ച്ച ചെയ്തു. ഡോ. ജി കരുണാകരന്‍, ഡോ. പ്രസന്ന വാസു, എം.എസ് പ്രമോദ്, വിനോദ് കുമാര്‍, ഡോ. കെ എസ് മുരളി, റൂബി ജാനെറ്റ് ജോണ്‍, ഡോ. വി.കെ സജീഷ്, ഡോ.രാമാനന്ദ് ഗാര്‍ഗ്,  എം.സി സജി, ഡോ. രാധാകൃഷ്ണന്‍, ജെയ്മി സജി തുടങ്ങിയവര്‍ ക്ലസുകള്‍ക്ക് നേതൃത്വം നല്‍കി. കൃഷി അഡിഷണല്‍ ഡയറക്ടര്‍മാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പ്രതിനിധികള്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു

date