ഇടനിലക്കാരില്ല, അര്‍ഹമായ ലാഭം; കര്‍ഷകര്‍ക്ക് തുണയായി 'കേരളശ്ശേരി ചന്ത' ആപ്പ്
ഇടനിലക്കാരുടെ ചൂഷണത്തിന് വിരാമമിട്ട് കര്‍ഷകരുടെയും കുടുംബശ്രീയുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് ലാഭവും ന്യായവിലയും ഉറപ്പാക്കാന്‍ 'കേരളശ്ശേരി ചന്ത' ആപ്പ്. കേരളശ്ശേരി ഗ്രാമപഞ്ചായത്തും കുടുംബശ്രീ യൂണിറ്റുകളും കര്‍ഷകരും ചേര്‍ന്ന് വിഭാവനം ചെയ്ത പദ്ധതിയിലൂടെ കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍, പപ്പടം ഉള്‍പ്പെടെയുള്ള നാടന്‍ ഉല്‍പ്പന്നങ്ങള്‍ ന്യായവിലയില്‍ ഓണ്‍ലൈനായി വില്പന നടത്തുകയാണ് ലക്ഷ്യം.
ആപ്പ് വഴി ഉല്പ്പാദകന് ഉല്‍പ്പന്നത്തിന്റെ വില നേരിട്ട് നിശ്ചയിക്കാന്‍ കഴിയും. നൂറുകണക്കിന് ഉല്‍പ്പന്നങ്ങള്‍ ഇതിനകം വിജയകരമായി വിറ്റഴിച്ചു. ഇതിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്വുണ്ടാക്കാനാകുമെന്ന് കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫെബിന് റഹ്മാന് പറഞ്ഞു.
പത്തിരിപ്പാല മൗണ്ട് സീന കോളജിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് നിര്‍മിച്ചത്. കേരളശ്ശേരിയിലെ തനത് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഗൂഗിളില്‍ 'കേരളശ്ശേരി ചന്ത' എന്ന് തിരഞ്ഞ് ആപ്പിലേക്ക് പ്രവേശിക്കാം. വാട്സാപ്പ് നമ്പര്‍, പാസ്വേഡ്, വിലാസം, ആധാര്‍ നമ്പര്‍ എന്നിവ നല്കി രജിസ്റ്റര്‍ ചെയ്തശേഷം പഞ്ചായത്ത് ഓഫീസിന്റെ പരിശോധന പൂര്‍ത്തിയാകുന്നതോടെ ആപ്പിലൂടെ ആവശ്യമായ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം.
- Log in to post comments